ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വിജയം തുടർന്ന് ആഴ്‌സനൽ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആഴ്‌സനല്‍. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ ജയമാണ് അര്‍ട്ടേറ്റയും സംഘവും സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ബേണ്‍മൗത്തിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേസ് പരാജയപ്പെടുത്തിയത്. ഇതോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ആഴ്‌സനലിനായി.

ബേണ്‍മൗത്തിന്റെ ഹോം ഗ്രൗണ്ടില്‍ തുടക്കം മുതല്‍ തന്നെ ആഴ്‌സനല്‍ അക്രമിച്ചുകളിച്ചു. 5-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിലൂടെ ഗണ്ണേഴ്‌സ് മുന്നിലെത്തി. മുന്നേറ്റതാരം മാര്‍ട്ടിനെല്ലിയുടെ ഷോട്ട് ബേണ്‍മൗത്ത് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് ഒഡേഗാര്‍ഡ് അനായാസം വലയിലാക്കി. 11-ാം മിനിറ്റില്‍ ഒഡേഗാര്‍ഡ് വീണ്ടും വലകുലുക്കി. ആദ്യ പകുതി 2-0ന് ആഴ്‌സനല്‍ മുന്നിട്ട് നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആഴ്‌സനല്‍ മൂന്നാം ഗോളും നേടി. 54-ാം മിനിറ്റില്‍ പ്രതിരോധതാരം വില്ല്യം സാലിബയാണ് ഗോള്‍ നേടിയത്. 72-ാം മിനിറ്റില്‍ ജെസ്യൂസ് വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ താരം ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതോടെ ഗോള്‍ അനുവദിച്ചില്ല. 2004-05 സീസണിന് ശേഷം ആദ്യമായാണ് ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളും ആഴ്‌സനല്‍ വിജയിക്കുന്നത്.

മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ സതാംപ്ടണ്‍ അട്ടിമറിച്ചു. ഫുള്‍ഹാം ബ്രെന്റ്‌ഫോര്‍ഡിനേയും ക്രിസ്റ്റല്‍ പാലസ് ആസ്റ്റണ്‍ വില്ലയേയും കീഴടക്കിയപ്പോള്‍ എവര്‍ട്ടണ്‍-നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരം സമനിലയിലായി.

Top