ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; രണ്ട് സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി രണ്ട് സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. വലന്‍സിയ വിങ്ങര്‍ ഫെരാന്‍ ടോറസിനെയും ബോണ്‍മൗത്ത് പ്രതിരോധ താരം നതാന്‍ ആക്കെയെയുമാണ് സിറ്റി ടീമിലെത്തിച്ചത്.

20കാരനായ ഫെരാന്‍ ടോറസിനെ അഞ്ച് വര്‍ഷത്തെ കരാറിലാണ് പെപ് ഗാര്‍ഡിയോള പരിശീലകനായുള്ള സിസിറ്റി സ്വന്തമാക്കിയത്. കൈമാറ്റ ജാലകം തുറന്ന ശേഷം സിറ്റി ടീമിലെത്തിക്കുന്ന ആദ്യ താരമാണ് ഫെറാന്‍ ടോറസ്. സ്പാനിഷ് അണ്ടര്‍ 17,19,21 ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഫെറാന്‍ 2017ലാണ് വലന്‍സിയയിലെത്തിയത്. ക്ലബ്ബിനുവേണ്ടി 71 മത്സരം കളിച്ച താരം ആറ് ഗോളും നേടി.

പ്രതിരോധത്തിലെ വിടവ് നികത്താനാണ് 25കാരനായ നതാന്‍ ആക്കെയെ ടീമിലെത്തിച്ചത്. 2012ല്‍ ചെല്‍സി എഫ്എ കപ്പ് യൂത്ത് കിരീടം നേടിയപ്പോള്‍ അണ്ടര്‍ 21ടീമിന്റെ ക്യാപ്റ്റനായിരുന്നു ആക്കെ. ഹോളണ്ട് ദേശീയ ടീം താരമായ ആക്കെയെ 2015ലാണ് ബോണ്‍മൗത്ത് സ്വന്തമാക്കിയത്. 105 മത്സരങ്ങള്‍ ബോണ്‍മൗത്തിനുവേണ്ടി കളിച്ച താരം 8 ഗോളാണ് സ്വന്തമാക്കിയത്.

Top