ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : തകര്‍പ്പന്‍ ജയത്തോടെ ചെല്‍സി ലീഡ് തുടരുന്നു

ലണ്ടന്‍: സൗത്താംപ്ടണിനെ രണ്ടിനെതിരെ നാല് ഗോളിന് തകര്‍ത്ത് ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

33 കളികളില്‍ നിന്ന് 78 പോയിന്റുള്ള അവര്‍ക്ക് രണ്ടാം സ്ഥാനത്തുള്ള ടോട്ടനമിനേക്കാള്‍ ഏഴ് പോയിന്റിന്റെ ലീഡുണ്ട്. 32 മത്സരങ്ങളില്‍ നിന്ന് 71 പോയിന്റാണ് ടോട്ടനമിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 34 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റും.

പകുതി സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്ന ചെല്‍സിക്കുവേണ്ടി അഞ്ചാം മിനിറ്റില്‍ എഡന്‍ ഹസാഡാണ് ലീഡ് നേടിയത്. 24ാം മിനിറ്റില്‍ മുന്‍ ചെല്‍സി മിഡ്ഫീല്‍ഡറായ ഒറ്യോള്‍ റോമ്യു സൗത്താംപ്ടണിനെ ഒപ്പമെത്തിച്ചെങ്കിലും ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ കാഹില്‍ ചെല്‍സിയെ വീണ്ടും മുന്നിലെത്തിച്ചു. 53, 89 മിനിറ്റുകളില്‍ ഡീഗോ കോസ്റ്റ് രണ്ട് തവണ ലക്ഷ്യം കണ്ട് ടീമിന്റെ ജയം ഉറപ്പിക്കുകയും ചെയ്തു. ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റില്‍ ബെര്‍ട്രന്‍ഡ് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും ഫലമുണ്ടായില്ല.

ഏപ്രില്‍ പതിനാറിന് എവെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടേറ്റ തോല്‍വിയില്‍ നിന്നുള്ള ഉജ്വലമായ തിരിച്ചുവരവ് കൂടിയായിരുന്നു ചെല്‍സിയുടെ ഈ വിജയം.

Top