ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണ് തുടക്കമാകുന്നു

ലണ്ടന്‍: ഇംഗ്ലണ്ട് വീണ്ടും ഫുട്‌ബോള്‍ ആവേശത്തിലേക്ക്! ഇന്ത്യന്‍ സമയം രാത്രി 12:30നു നടക്കുന്ന ലിവര്‍പൂള്‍ നോര്‍വിച്ച് സിറ്റി മത്സരത്തോടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണ് തുടക്കമാകും. ഞായറാഴ്ചത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സി മത്സരമാണ് ആദ്യവാരത്തിലെ സൂപ്പര്‍ പോരാട്ടം. വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ നാളെ നടക്കുന്ന മത്സരത്തോടെ, നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും സീസണു തുടക്കം കുറിക്കും.

രണ്ടാം ഡിവിഷന്‍ ലീഗ് ജേതാക്കളായി പ്രീമിയര്‍ ലീഗിനു യോഗ്യത നേടിയ നോര്‍വിച്ച് സിറ്റിക്ക് ഇന്നു കടുത്ത പരീക്ഷണമാണു കാത്തിരിക്കുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിനെ, അവരുടെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലാണു നോര്‍വിച്ചിനു നേരിടേണ്ടത്. കഴിഞ്ഞ 40 ലീഗ് മത്സരങ്ങളില്‍ ലിവര്‍പൂള്‍ ഇവിടെ തോറ്റിട്ടില്ല.

മൂന്നു പതിറ്റാണ്ടിനു ശേഷം ലിവര്‍പൂളിനെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ജേതാക്കളാക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പിന് ഇന്ന് ജയത്തില്‍ കുറഞ്ഞ ഫലത്തെക്കുറിച്ചു ചിന്തിക്കുക പോലും അസാധ്യമാണ്. ടീമിന്റെ നിലവിലെ പ്രകടനത്തില്‍ സന്തുഷ്ടനായ പരിശീലകന്‍ ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍, പുതിയ താരങ്ങള്‍ക്കായി വമ്പന്‍ തുക മുടക്കിയിട്ടുമില്ല.

Top