ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; വെസ്റ്റ് ഹാമിനെതിരെ ആസ്റ്റണ്‍ വില്ലയ്ക്ക് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ വെസ്റ്റ് ഹാമിനെതിരെ ആസ്റ്റണ്‍ വില്ലയ്ക്ക് സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ അവസാന മിനിറ്റില്‍ വെസ്റ്റ് ഹാം വലചലിപ്പിച്ചെങ്കില്‍ വാര്‍ നിയമത്തില്‍ കുടുങ്ങി. അഞ്ച് മിനിറ്റോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. ഇതോടെ ലഭിച്ച ഒരു പോയിന്റുമായി ആസ്റ്റണ്‍ വില്ല രക്ഷപെട്ടു.

ജെയിംസ് വാര്‍ഡെടുത്ത ഫ്രീകിക്ക് കൂടിച്ചേര്‍ന്ന് നിന്നിരുന്നു വെസ്റ്റ് ഹാമിന്റെയും ആസ്റ്റണ്‍ വില്ലയുടെയും താരങ്ങളെ മറികടന്ന് വലയ്ക്കുള്ളിലായി. ഇത് വെസ്റ്റ് ഹാം താരങ്ങളുടെ കൈയ്യില്‍ തട്ടിയെന്ന സംശയം ഉയര്‍ന്നതോടെ റഫറി വാര്‍ നിയമത്തിന്റെ സഹായം തേടി. നീണ്ട പരിശോധനയ്‌ക്കൊടുവില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. ഇതോടെ മത്സരം സമനിലയായി.

29-ാം മിനിറ്റിലെ ഗോളിലൂടെ മൈക്കല്‍ അന്റോണിയോ വെസ്റ്റ് ഹാമിനെ മുന്നിലെത്തിച്ചു. മത്സരത്തില്‍ വ്യക്തമായ ആധിപത്യം സൃഷ്ടിച്ചിട്ടും മറുപടി ഗോള്‍ നേടാന്‍ ആസ്റ്റണ്‍ വില്ലയ്ക്ക് കഴിഞ്ഞില്ല. ഒടുവില്‍ 79-ാം മിനിറ്റില്‍ നിക്കോളോ സാനിയോലോ വില്ലയ്ക്കായി സമനില കണ്ടെത്തി. പക്ഷേ ഏഴ് മിനിറ്റ് നീണ്ട ഇഞ്ച്വറി ടൈമിലാണ് ട്വിസ്റ്റുണ്ടായത്.

Top