വിരമിക്കല്‍ പ്രഖ്യാപനം തള്ളി ഇംഗ്ലീഷ് പേസ് ഇതിഹാസം ജയിംസ് ആന്‍ഡേഴ്സണ്‍

ലണ്ടന്‍: ഇംഗ്ലീഷ് പേസ് ഇതിഹാസം ജയിംസ് ആന്‍ഡേഴ്സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും എന്ന അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സ്റ്റാര്‍ പേസര്‍. അവസാന മൂന്ന് ടെസ്റ്റുകളില്‍ ആറ് വിക്കറ്റ് മാത്രം നേടിയതോടെ ജിമ്മി വിരമിക്കും എന്നായിരുന്നു പ്രവചനങ്ങള്‍.

‘വിരമിക്കല്‍ വാര്‍ത്തകള്‍ സത്യമല്ല. വ്യക്തിപരമായി ഏറെ വിഷമതകള്‍ നേരിടുന്ന ആഴ്ചയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി താളം നഷ്ടമായി. അത് വൈകാരികമായി തളര്‍ത്തി. ഒരു മോശം മത്സരത്തിന് ശേഷം ഒട്ടെറെ അഭ്യൂഹങ്ങള്‍ പരക്കുന്നത് കണ്ടു. എന്നാല്‍ വിരമിക്കലിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.

കഠിന പരിശ്രമത്തിലൂടെ അടുത്ത മത്സരത്തില്‍ ശക്തമായി തിരിച്ചെത്താനാകും എന്നാണ് പ്രതീക്ഷ. കഴിയുന്നയത്ര കാലം കളിക്കാനാകണം. ഈ ആഴ്ചയിലെ പോലെയാണ് തുടര്‍ന്നും ബൗളിംഗ് എങ്കില്‍ കാര്യങ്ങള്‍ എന്റെ കയ്യില്‍ നില്‍ക്കില്ല, തീരുമാനം സെലക്ടര്‍മാരുടേതാകും. എന്നാല്‍ വിക്കറ്റ് ദാഹം ഇപ്പോഴും നിലനില്‍ക്കുന്നു. മികച്ച രീതിയില്‍ പന്തെറിയുന്നത് തുടരണം, ടീമിന്റെ വിജയത്തില്‍ ഭാഗമാകണം. 600 ടെസ്റ്റ് വിക്കറ്റ് ലഭിച്ചാല്‍ അത് മഹത്തരമാകും. അതിന് കഴിഞ്ഞില്ലെങ്കില്‍, നേടിയ നേട്ടങ്ങളില്‍ സംതൃപ്തനാകും’ എന്നും ജിമ്മി പറഞ്ഞു.

Top