ഇംഗ്ലണ്ടിനെതിരെ കടുത്ത നടപടിയുമായി യുവേഫ; അടുത്ത കളിയില്‍ കാണികള്‍ക്ക് വിലക്ക്

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെതിരെ കടുത്ത നടപടിയുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫ. യുവേഫയുടെ കീഴില്‍ ഇംഗ്ലണ്ട് കളിക്കുന്ന അടുത്ത മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കില്ല. 2020 യൂറോ കപ്പ് ഫൈനലിനുശേഷം ഇംഗ്ലണ്ട് ആരാധകര്‍ കാട്ടിക്കൂട്ടിയ കോലാഹലങ്ങളാണ് ഈ തീരുമാനത്തിന് വഴിവെച്ചത്.

ജൂലായ് 11 ന് നടന്ന ഫൈനലില്‍ ഇറ്റലിയോട് ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഇതില്‍ ക്ഷുഭിതരായ ഇംഗ്ലീഷ് ആരാധകര്‍ അപകടകരമാംവിധം പ്രശ്‌നങ്ങളുണ്ടാക്കി. സ്റ്റേഡിയത്തിനകത്തും പുറത്തും കലിതുള്ളിയ ആരാധകര്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. ഇത്തരത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവേഫ കടുത്ത നടപടിയുമായി രംഗത്തെത്തിയത്.

ആരാധകരുടെ പ്രതിഷേധത്തിന്റെ ഫലമായി ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന് യുവേഫ ഒരു ലക്ഷം യൂറോ (ഏകദേശം 87 ലക്ഷം രൂപ) പിഴ വിധിച്ചിരുന്നു. ഇതോടെ 2022-23 യുവേഫ നേഷന്‍സ് ലീഗിലെ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തിന് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. എന്നാല്‍ ഫിഫയുടെ കീഴില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകും.

 

Top