ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണ് പരുക്ക്

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണ് പരുക്ക്. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ലിവിങ്സ്റ്റണ് കൗണ്ടി ക്ലബായ ലങ്കാഷറിനു വേണ്ടി കളിക്കുന്നതിനിടെയാണ് പരുക്കേറ്റത്.

തോളിനു പരുക്കേറ്റ താരം ഐപിഎല്‍ രണ്ടാം പാദത്തില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തകര്‍പ്പന്‍ ഫോമിലുള്ള ലിവിങ്സ്റ്റണ്‍ ഐപിഎലില്‍ നിന്ന് വിട്ടുനിന്നാല്‍ അത് രാജസ്ഥാന് കനത്ത തിരിച്ചടിയാവും.

കഴിഞ്ഞ കുറച്ച് നാളുകളായി ഉജ്ജ്വല ഫോമിലാണ് ലിവിങ്സ്റ്റണ്‍. പാകിസ്ഥാനെതിരായ ടി-20 പരമ്പരയിലെ മത്സരത്തില്‍ 43 പന്തുകളില്‍ നിന്ന് 103 റണ്‍സടിച്ച താരം ടി-20യില്‍ ഇംഗ്ലണ്ടിനായി ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് നേടി.

പിന്നീട് ഹണ്ട്രഡിന്റെ പ്രഥമ എഡിഷനില്‍ 9 മത്സരങ്ങള്‍ കളിച്ച താരം 178.46 സ്‌ട്രൈക്ക് റേറ്റില്‍ 348 റണ്‍സ് നേടി. ജോസ് ബട്ലറും ബെന്‍ സ്റ്റോക്‌സും ഐപിഎല്‍ ഉണ്ടാവില്ലെന്നതിനാല്‍ ലിവിങ്സ്റ്റണിലായിരുന്നു രാജസ്ഥാന്റെ പ്രതീക്ഷകള്‍.

അതേസമയം, രണ്ടാം പാദ ഐപിഎല്‍ മത്സരങ്ങള്‍ക്കുള്ള പകരക്കാരെയൊക്കെ രാജസ്ഥാന്‍ റോയല്‍സ് കണ്ടെത്തിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ എവിന്‍ ലൂയിസും ഒഷേന്‍ തോമസുമാണ് അവസാനമായി രാജസ്ഥാനിലെത്തിയത്. ഒഷേന്‍ തോമസ് മുന്‍പ് രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ചിട്ടുള്ള താരമാണ്.

 

Top