മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന്‍ പുരസ്‌കാരം; ബെന്‍ സ്റ്റോക്‌സിനും വനിതകളില്‍ എലീസയ്ക്കും

ലണ്ടന്‍: മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന്‍ പുരസ്‌കാരം ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനും വനിതകളില്‍ ഓസ്‌ട്രേലിയന്‍ താരം എലീസ പെറിയും സ്വന്തമാക്കി. ഏകദിന ലോകകപ്പിലെയും ആഷസ് പരമ്പരയിലെയും മികച്ച പ്രകടനങ്ങളാണ് സ്റ്റോക്‌സിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

ക്രിക്കറ്റിലെ ബൈബിളെന്നു വിശേഷിപ്പിക്കപ്പെടുന്ന വിസ്ഡണ്‍ മാസികയുടെ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അങ്ങനെ സ്റ്റോക്‌സിനെ തേടിയെത്തി. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുരസ്‌കാരവും സ്റ്റോക്‌സിനായിരുന്നു.

ലോകകപ്പ് ഫൈനലില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സ്റ്റോക്‌സായിരുന്നു. കഴിഞ്ഞ ആഷസ് പരമ്പരയിലെ ഹെഡിങ്‌ലേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ച ഇന്നിങ്‌സിലൂടെ സ്റ്റോക്‌സ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയും ചെയ്തിരുന്നു.

മുന്‍ താരം ആന്‍ഡ്രു ഫ്‌ളിന്റോഫിനു ശേഷം വിസ്ഡണ് പുരസ്‌കാരം നേടുന്ന ഇംഗ്ലീഷ് താരം കൂടിയാണ് സ്റ്റോക്‌സ്. 2005-ല്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫിന് ശേഷം വിസ്ഡന്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് സ്റ്റോക്‌സ്.ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയെ പിന്‍തള്ളിയാണ് എലീസ വനിതകളിലെ
മികച്ച താരമായത്.

Top