ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് വമ്പന്‍ ജയം

ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ റണ്‍ പെയ്‌ത്തില്‍ മുക്കി ഇംഗ്ലണ്ടിന് വമ്പന്‍ ജയം. ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ 137 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റിന് 364 റണ്‍സ് എടുത്തപ്പോള്‍ ബംഗ്ലാദേശ് മറുപടി 48.2 ഓവറില്‍ 227 റണ്‍സില്‍ അവസാനിച്ചു. ബാറ്റിംഗില്‍ 140 റണ്‍സുമായി ഡേവിഡ് മലാനും 82 റണ്‍സെടുത്ത ജോ റൂട്ടും ഇംഗ്ലണ്ടിന്റെ താരങ്ങളായപ്പോള്‍ ബൗളിംഗില്‍ നാല് വിക്കറ്റെടുത്ത റീസ് ടോപ്‌ലിയാണ് ഹീറോ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനെ ഡേവിഡ് മലാന്‍ (107 പന്തില്‍ 140), ജോ റൂട്ട് (68 പന്തില്‍ 82) എന്നിവരുടെ ബാറ്റിംഗ് കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ജോണി ബെയ്‌ര്‍സ്റ്റോ (52), ജോസ് ബട്‌ലര്‍ (20), ഹാരി ബ്രൂക്ക് (20), ലിയാം ലിവിംഗ്‌സ്റ്റണ്‍ (0), സാം കറന്‍ (11), ആദില്‍ റഷീദ് (11), ക്രിസ് വോക്‌സ് (11), മാര്‍ക്ക് വുഡ് (6*), റീസെ ടോപ്‌ലി (1*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോറുകള്‍. ബംഗ്ലാദേശിനായി മെഹിദി ഹസന്‍ നാലും ഷൊരീഫുള്‍ ഇസ്‌ലം മൂന്നും ടസ്‌കിന്‍ അഹമ്മദും ഷാക്കിബ് അല്‍ ഹസനും ഓരോ വിക്കറ്റും നേടി.

365 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ മറുപടി ബാറ്റിംഗ് 48.2 ഓവറില്‍ അവസാനിച്ചു. മുന്‍നിരയില്‍ 66 പന്തില്‍ 76 റണ്‍സെടുത്ത ലിറ്റണ്‍ ദാസ് ഒഴികെ മറ്റാരും തിളങ്ങിയില്ല. തന്‍സിദ് ഹസന്‍ (1), നജ്‌മുല്‍ ഹൊസൈന്‍ ഷാന്റോ (0), ഷാക്കിബ് അല്‍ ഹസന്‍ (1), മെഹിദി ഹസന്‍ മിറാസ് (8) എന്നിങ്ങനെയായിരുന്നു പ്രധാന ബാറ്റര്‍മാരുടെ സ്കോര്‍. ആദ്യ മൂന്ന് വിക്കറ്റും റീസ് ടോപ്‌ലിക്കായിരുന്നു. ഇതിന് ശേഷം 51 റണ്‍സെടുത്ത മുഷ്‌ഫീഖുര്‍ റഹീമും 39 എടുത്ത തൗഹിദ് ഹ്രിദോയിയും പൊരുതിയെങ്കിലും ഫലം കണ്ടില്ല. മെഹിദി ഹസന്‍ (14), ടസ്‌കിന്‍ അഹമ്മദ് (15), ഷൊരീഫുള്‍ ഇസ്‌ലം (12), മുസ്‌താഫിസൂര്‍ റഹ്‌മാന്‍ (3*) എന്നിങ്ങനെയായിരുന്നു വാലറ്റത്തിന്റെ പ്രകടനം.

Top