ആഷസ്; പരമ്പര പിടിച്ചെടുത്ത് ഇംഗ്ലണ്ട്

ഓവല്‍: ആഷസ് പരമ്പര സമനിലയില്‍ പിടിച്ചെടുത്ത് ഇംഗ്ലണ്ട്. അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ 135 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. 399 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ 263 റണ്‍സിന് പുറത്തായി. കൂട്ടത്തകര്‍ച്ചയിലും ഒരറ്റത്തു പിടിച്ചുനിന്ന് പൊരുതിയ മാത്യു വേഡിന്റെ (117) സെഞ്ചുറിയാണ് ഇതോടെ പാഴായത്.

വേഡിനെക്കൂടാതെ ഓസീസ് നിരയില്‍ ആര്‍ക്കും രണ്ടാം ഇന്നിംഗ്‌സില്‍ തിളങ്ങാനായില്ല. ഉജ്വല ഫോമിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്തും (23) വേഗം പുറത്തായതോടെ ഓസീസിന്റെ കാര്യത്തില്‍ തീരുമാനമായതാണെങ്കിലും വേഡ് പൊരുതാന്‍ ഉറച്ചു. 166 പന്തുകള്‍ നേരിട്ട വേഡ് 17 ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. 24 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷായിരുന്നു ഓസീസ് നിരയിലെ രണ്ടാം ടോപ് സ്‌കോറര്‍. നാലു പേര്‍ക്ക് രണ്ടക്കം കാണാനായില്ല. നാല് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും ജാക്ക് ലീച്ചുമാണ് ഓസീസിനെ തകര്‍ത്തത്. ജോറൂട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

നാലാംദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 16 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. ജോഡെന്‍ലി (94 റണ്‍സ്), ബെന്‍ സ്റ്റോക്‌സ് (67 റണ്‍സ്), ജോസ് ബട്ലര്‍ (47 റണ്‍സ്) എന്നിവരാണ് ഇംഗ്ലണ്ടിനെ മികച്ച ലീഡിലെത്തിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 294 റണ്‍സ് നേടിയിരുന്നു. ജയത്തോടെ പരമ്പര 2-2 ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു.

Top