ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; രണ്ടാം ദിനം നിര്‍ണായകം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള നിര്‍ണാകമായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മികച്ച സ്‌കോര്‍ തേടിയാണ് ഇറങ്ങുന്നത്. ഒന്നാം ദിനം മൂന്നു വിക്കറ്റിന് 207 റണ്‍സെന്ന മോശമല്ലാത്ത സ്‌കോര്‍ നേടാന്‍ ആതിഥേയര്‍ക്കായിരുന്നു. ഓപ്പണര്‍ ഡൊമിനിക്ക് സിബ്ലി (86), ബെന്‍ സ്റ്റോക്സ് (59) എന്നിവരുടെ ഫിഫ്റ്റികളാണ് ഒരു ഘട്ടില്‍ പതറിയ ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികെ കണ്ടുവന്നത്. അപരാജിതമായ നാലാം വിക്കറ്റില്‍ ഈ സഖ്യം 126 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.

ടോസിനു ശേഷം വിന്‍ഡീസ് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. റോറി ബേണ്‍സ് (15), സാക്ക് ക്രോളി (0), നായകന്‍ ജോ റൂട്ട് (23) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. പേസര്‍മാര്‍ അരങ്ങുവാഴുമെന്ന് പ്രവചിക്കപ്പെട്ട പിച്ചില്‍ സ്പിന്നര്‍ റോസ്റ്റണ്‍ ചേസാണ് ആദ്യദിനം മിന്നിയത്. താരം രണ്ടു വിക്കറ്റ് വീഴ്ത്തി. മറ്റൊരു വിക്കറ്റ് അല്‍സാറി ജോസഫിനായിരുന്നു. വളരെ ശ്രദ്ധയോടെയാണ് ഇംഗ്ലീഷ് ഓപ്പണര്‍മാരായ ബേണ്‍സും സിബ്ലിയും തുടങ്ങിയത്.

ആദ്യ വിക്കറ്റില്‍ ഇരുവരും 29 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14-ാം ഓവറിലെ രണ്ടാമത്തെ പന്തിലായിരുന്നു ചേസ് വിന്‍ഡീസിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. 15 റണ്‍സെടുത്ത ബേണ്‍സിനെ ചേസ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

Top