മൂന്നാം ടെസ്റ്റ്; ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് നീങ്ങുന്നു

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 258 റണ്‍സെടുത്തിട്ടുണ്ട്. ഓലി പോപ്പും (91) ജോസ് ബട്ലറുമാണ് (56) ക്രീസില്‍. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഈ ജോടി 136 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.

ഓപ്പണര്‍ റോറി ബേണ്‍സാണ് (57) ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയ മറ്റൊരു താരം. മികച്ച രീതിയില്‍ മുന്നോട്ടുപോവുകയായിരുന്ന ബേണ്‍സിനെ റോഷ്ടണ്‍ ചേസാണ് പുറത്താക്കിയത്. രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബെന്‍ സ്റ്റോക്സിനെ (20) കിമാര്‍ റോച്ച് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഡാം സിബ്ലി (0),ജോ റൂട്ട് (17)എന്നിവരുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. സിബ്ലിയെ കിമാര്‍ റോച്ച് എല്‍ബിയില്‍ കുരുക്കിയപ്പോള്‍ റൂട്ടിനെ റോഷ്ടണ്‍ ചേസ് റണ്ണൗട്ടാക്കുകയായിരുന്നു.

പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന മൈതാനമാണ് മാഞ്ചസ്റ്ററിലേത്. ഓള്‍റൗണ്ട് പ്രകടനത്തോടെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച ബെന്‍ സ്റ്റോക്സില്‍ ഇംഗ്ലണ്ട് ഇന്നും പ്രതീക്ഷ വെക്കുന്നു.ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ സ്റ്റോക്സ് രണ്ടാം ഇന്നിങ്സില്‍ വെടിക്കെട്ട് ബാറ്റിങ്ങോടെ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. അതേ സമയം മോശം ഫോമിലുള്ള ജോസ് ബട്ലറെ വിക്കറ്റ് കീപ്പറായി മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് നിലനിര്‍ത്തി.

ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 സമനില പങ്കിടുന്നതിനാല്‍ മൂന്നാം ടെസ്റ്റ് ജയിക്കുന്നവരാകും പരമ്പര സ്വന്തമാക്കുക.

Top