ഇംഗ്ലണ്ടിന്റെ നടുവൊടിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍, ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച

ലണ്ടൻ: ദക്ഷിണാഫ്രിക്കക്കെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം മഴമൂലം നേരത്തെ കളി നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിലാണ്. 61 റൺസുമായി ഒലി പോപ്പും റൺസൊന്നുമെടുക്കാതെ സ്റ്റുവർട്ട് ബ്രോഡുമാണ് ക്രീസിൽ.മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആൻറിച്ച് നോർക്യയും രണ്ട് വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാഡയുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. പോപ്പിന് പുറമെ 20 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നുള്ളു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ അലക്സ് ലീസിനെ(5) നഷ്ടമായി. റബാഡക്കായിരുന്നു വിക്കറ്റ്. പിന്നാലെ സാക്ക് ക്രോളിയെ(9)യെും വീഴ്ത്തി റബാഡ ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേൽപ്പിച്ചു. വൺ ഡൗണായി എത്തിയ പോപ്പ് പിടിച്ചു നിന്നപ്പോൾ മികച്ച ഫോമിലുള്ള ജോ റൂട്ടിനെ(0) മാർക്കോ ജാൻസൺ വിക്കറ്റിന് മുന്നിൽ കുടുക്കി.

Top