രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം; കോലി പുറത്ത്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 106 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മയോടൊപ്പം (80) അജിങ്ക്യ രഹാനെയാണ് (5) ക്രീസില്‍. 47 പന്തുകളിൽ നിന്നുമാണ് രോഹിത് അർധസെഞ്ചുറി നേടിയത്. റൺസെടുക്കുന്നതിനു മുൻപ് തന്നെ നായകൻ വിരാട് കോലിയെ ഇന്ത്യയ്ക്ക് നഷ്ടമായി. കോലിയെ മോയിൻ അലി മികച്ച ഒരു പന്തിലൂടെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ചേതേശ്വർ പൂജാര, ശുഭ്മാൻ ​ഗിൽ എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 58 പന്തുകളിൽ നിന്നും 21 റൺസെടുത്ത ചേതേശ്വർ പൂജാരയെ ജാക്ക് ലീച്ചാണ് മടക്കിയയച്ചത്. രോഹിത് ശർമയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് പൂജാരയുടെ മടക്കം. സ്കോറിങ് തുടങ്ങും മുൻപ് തന്നെ ശുഭ്മാൻ ഗില്ലിനെ ഇംഗ്ലണ്ടിന്റെ ഓലി സ്റ്റോൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

ഇന്ത്യയുടെ മുന്‍നിര ബൗളറായ ജസ്പ്രീത് ബുംറ ഇന്ന് കളിക്കുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഷഹബാസ് നദീമും വാഷിങ്ടണ്‍ സുന്ദറും ടീമില്‍ നിന്നും പുറത്തായി. പകരം മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഇടം നേടി. ഇംഗ്ലണ്ടില്‍ ഫോക്‌സ്, മോയിന്‍ അലി, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, ഒലി സ്‌റ്റോണ്‍ എന്നിവരാണ് ടീമിലിടം നേടിയവർ.

പരമ്പരയില്‍ ശേഷിക്കുന്ന മൂന്നു കളിയില്‍ രണ്ടിലും ജയിക്കുകയും മറ്റൊന്നില്‍ തോല്‍ക്കാതിരിക്കുകയും ചെയ്താലേ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനാകൂ. രണ്ടാം ടെസ്റ്റില്‍ 50 ശതമാനം സീറ്റുകളില്‍ കാണികളെ അനുവദിക്കും. ഒന്നാം ടെസ്റ്റിലേതിനേക്കാള്‍ മികച്ച ടേണ്‍ കിട്ടുന്ന പിച്ചിലായിരിക്കും ഈ മത്സരം എന്ന് വിലയിരുത്തുന്നു. സ്പിന്‍ വിഭാഗം ശക്തമാക്കി ഇംഗ്ലണ്ടിനെ വരുതിയിലാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഒന്നാം ടെസ്റ്റില്‍ ആര്‍. അശ്വിന്‍ നല്ല ഫോമിലായിരുന്നെങ്കിലും ഷഹബാസ് നദീം, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ പരിചയക്കുറവ് പരാജയത്തിലെ പ്രധാന ഘടകമായി.

ഇന്ത്യൻ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്‌

ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ഡോം സിബ്ലി, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ഒലി പോപ്പ്, ബെന്‍ ഫോക്‌സ്, മോയിന്‍ അലി, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ഒലി സ്‌റ്റോണ്‍

Top