ഇംഗ്ലണ്ട് പര്യടനം; 20 ദിവസത്തെ ഇടവേള ആഘോഷമാക്കാന്‍ ടീം ഇന്ത്യ

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷമുള്ള 20 ദിവസത്തെ ഇടവേള ആഘോഷമാക്കാന്‍ ടീം ഇന്ത്യ. ലണ്ടനില്‍ തങ്ങുന്ന ടീം അംഗങ്ങള്‍ വിംബിള്‍ഡണ്‍, യൂറോ കപ്പ് മത്സരങ്ങള്‍ നേരിട്ട് കാണാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ജൂലൈ 14വരെ അവധിയുണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക്. അടുത്തമാസം നാലിന് ഇംഗ്ലണ്ടിനെതിരെ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഡെറമില്‍ താരങ്ങള്‍ രണ്ട് ടീമായി തിരിഞ്ഞ് സന്നാഹ മത്സരം കളിക്കും. അതിനുമുമ്പ് ടീം അംഗങ്ങള്‍ക്ക് സര്‍വ സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ് ബിസിസിഐ. ലണ്ടനില്‍ ബിസിസിഐ ചെലവില്‍ തങ്ങുന്ന താരങ്ങളും കുടുംബാംഗങ്ങള്‍ക്കും സ്വന്തം ചെലവില്‍ അവധി ആഘോഷിക്കാം.

ടെന്നിസ് പ്രിയരായ കോലി അടക്കമുള്ള താരങ്ങള്‍ മറ്റന്നാള്‍ മുതല്‍ ജൂലൈ 11ന് അവസാനിക്കുന്ന വിംബിള്‍ഡണിന് ടിക്കറ്റ് ബുക്ക് ചെയ്യാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ചിലര്‍ വെംബ്ലിയില്‍ യൂറോ കപ്പിന് ടിക്കറ്റ് നോക്കുന്നു. മറ്റ് ചിലര്‍ക്ക് സ്‌കോട്‌ലന്‍ഡിലേക്ക് പോകാന്‍ പദ്ധതി. കൊവിഡ് പൂര്‍ണമായും വിട്ടുമാറിയിട്ടില്ലാത്ത ഇംഗ്ലണ്ടില്‍ ആഘോഷം അതിരുവിടരുതെന്നും ബിസിസിഐ മുന്നറിയിപ്പുണ്ട്.

Top