ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ പ്രകടനത്തെ പുകഴ്ത്തി മൈക്കല്‍ ഹോള്‍ഡിംഗ്

ജമൈക്ക : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ പ്രകടനത്തെ പുകഴ്ത്തി വിന്‍ഡീസ് ബൗളിംഗ് താരം മൈക്കല്‍ ഹോള്‍ഡിംഗ്. ഇഷാന്ത് ശര്‍മയും, മുഹമ്മദ് ഷാമിയും, ജസ്പ്രീത് ബൂംമ്രയും അടങ്ങുന്ന ഇന്ത്യയുടെ ബൗളിംഗ് നിര ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് നിരയാണെന്ന് ഹോള്‍ഡിംസ് പറഞ്ഞു.

പരമ്പരയിലുടനീളം ഇന്ത്യന്‍ പേസര്‍മാര്‍ പുറത്തെടുത്ത കായിക ക്ഷമതയെയും ഹോള്‍ഡിംഗ് പ്രകീര്‍ത്തിച്ചു. ഇഷാന്തും ഷാമിയും സ്ഥരിതയാര്‍ന്ന പ്രകടനമാണ് ഈ പരമ്പരയില്‍ ഉടനീളം കാഴ്ച വെച്ചതെന്നും, ഇന്ത്യയുടെ മൂന്ന് പേസര്‍മാരും, ശൈലിയിലും, ശാരീരിക മികവിലും വ്യത്യസ്തരാണെന്നും, ബൂംമ്ര ക്രീസില്‍ നിന്ന് ഏറെ പുറത്തു നിന്ന് പന്തെറിയുമ്പോള്‍ ഷാമി ക്രീസിന് ഏറ്റവും അടുത്തു നിന്ന് പന്തെറിയുന്നുവെന്നും മൈക്കല്‍ സൂചിപ്പിച്ചു.

ഇഷാന്തിന്റെയും ബൂംമ്രയുടെയുമത്ര ഉയരമുള്ള താരമല്ല ഷാമി. എങ്കിലും കുറവുകള്‍ പരിഹരിച്ച് പരസ്പരം പിന്തുണച്ച് മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് മികച്ച സ്പിന്നര്‍മാരുമുണ്ടെന്നും,ഭുവനേശ്വര്‍ കുമാര്‍ ഇല്ലാതെയാണ് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇത്രയും മികച്ച പ്രകടനം നടത്തിയതെന്നും,ഇംഗ്ലണ്ടില്‍ ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തുകള്‍ ഉപയോഗിക്കുന്നത്ര സ്വിംഗ് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ലഭിക്കില്ലെന്നും, അതുതന്നെയാകും ഇന്ത്യയുടെ ഈ ബൗളിംഗ് നിര നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും മികവുറ്റ പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ പേസ് നിരക്ക് ഓസ്‌ട്രേലിയയിലും മികവിലേക്കുയരാന്‍ കഴിയുമെന്ന് ഹോള്‍ഡിംഗ് പറഞ്ഞു.

Top