ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ജയത്തോടെ ദക്ഷിണാഫ്രിക്കയുടെ പടിയിറക്കം

ദുബായ്: ടി-20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ 10 റണ്‍സിനാണ് ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 37 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍ ആയതെങ്കിലും ഒരു ടീം എഫര്‍ട്ടിലൂടെയാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കന്‍ സ്‌കോറിനരികെ എത്തിയത്. ഇംഗ്ലണ്ടിന്റെ 6 ബാറ്റര്‍മാരും ഇരട്ടയക്കം കടന്നു. ദക്ഷിണാഫ്രിക്കക്കായി കഗീസോ റബാഡ ഹാട്രിക്ക് നേടി.

സെമിയിലെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെ 131ല്‍ ഒതുക്കണമായിരുന്നു. എന്നാല്‍, ഈ നീക്കത്തിന് കനത്ത തിരിച്ചടി നല്‍കി പതിവു പോലെ ഓപ്പണര്‍മാര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കി. ഇതിനിടെ വളരെ ഗംഭീരമായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ജേസന്‍ റോയ് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയത് ഇംഗ്ലീഷ് പടയ്ക്ക് കനത്ത തിരിച്ചടിയായി. എന്നാല്‍, ജോസ് ബട്ലറും മൂന്നാം നമ്പറിലെത്തിയ മൊയീന്‍ അലിയും ചേര്‍ന്ന് വീണ്ടും ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. പവര്‍പ്ലേയില്‍ അവര്‍ 59 റണ്‍സാണ് അടിച്ചെടുത്തത്. പവര്‍ പ്ലേയുടെ അവസാന ഓവറില്‍ ബട്ലറെ (26) മടക്കിയ നോര്‍ക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ പ്രതീക്ഷ നല്‍കി. ബെയര്‍‌സ്റ്റോയെ (1) വേഗം മടക്കിയ ഷംസി ഈ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു.

എന്നാല്‍, മൂന്നാം വിക്കറ്റില്‍ മൊയീന്‍ അലിയും ഡേവിഡ് മലാനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിച്ചു. 51 റണ്‍സിന്റെ കൂട്ടുകെട്ടിലാണ് ഇവര്‍ പങ്കാളികളായത്. 37 റണ്‍സെടുത്ത മൊയീനെ തബ്രൈസ് ഷംസി മടക്കി അയച്ചു. ശേഷം ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റണും തകര്‍പ്പന്‍ ഫോമിലായിരുന്നു. റബാഡയുടെ ഒരു ഓവറില്‍ തുടര്‍ച്ചയായ മൂന്ന് സിക്‌സറുകള്‍ അടിച്ച ലിവിങ്സ്റ്റണ്‍ ഇംഗ്ലണ്ടിനെ ഡ്രൈവിങ് സീറ്റിലെത്തിച്ചു. 17ആം ഓവറില്‍ മലാന്‍ (33) മടങ്ങി. ഡ്വെയിന്‍ പ്രിട്ടോറിയസിനായിരുന്നു വിക്കറ്റ്.

പിന്നാലെ ക്രീസിലെത്തിയ ഓയിന്‍ മോര്‍ഗനും തുടരെ ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ഇംഗ്ലണ്ട് തകര്‍പ്പന്‍ വിജയത്തിലേക്ക് നീങ്ങി. 19ആം ഓവറില്‍ ലിവിങ്സ്റ്റണെ (28) മടക്കിയ പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും പ്രതീക്ഷ നല്‍കി. റബാഡ എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. ആദ്യ പന്തില്‍ തന്നെ വോക്‌സ് (7) മടങ്ങി. അടുത്ത പന്തില്‍ മോര്‍ഗനും (17) പുറത്ത്. അടുത്ത പന്തില്‍ ക്രിസ് ജോര്‍ഡനെയും (0) മടക്കിയ റബാഡ ഹാട്രിക്ക് തികച്ചു. പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ഓസ്‌ട്രേലിയയും സെമിഫൈനലില്‍ പ്രവേശിച്ചു. ഇരുവര്‍ക്കുമൊപ്പം ദക്ഷിണാഫ്രിക്കയ്ക്കും 8 പോയിന്റാണ് ഉള്ളതെങ്കിലും കുറഞ്ഞ നെറ്റ് റണ്‍ റേറ്റ് അവര്‍ക്ക് തിരിച്ചടി ആവുകയായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് 189 റണ്‍സ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി വാന്‍ ഡര്‍ ഡസ്സനും എയ്ഡന്‍ മാര്‍ക്രവും ഫിഫ്റ്റി നേടി. 94 റണ്‍സെടുത്ത റസ്സി വാന്‍ ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്‌കോറര്‍. മാര്‍ക്രം 52 റണ്‍സെടുത്തു. ക്വിന്റണ്‍ ഡികോക്കും (34) പ്രോട്ടീസ് സ്‌കോറില്‍ നിര്‍ണായക പങ്കുവഹിച്ചു.

Top