‘ഇംഗ്ലണ്ട് ഞങ്ങളുടെ പരമാധികാരത്തില്‍ ഇടപെടേണ്ടെ’; സച്ചിനെ പരിഹസിച്ച് സിദ്ധാര്‍ഥ്

sidharth

മുംബൈ: കര്‍ഷക പ്രക്ഷോഭത്തിൽ പിന്തുണ നൽകിയ അന്താരാഷ്ട്ര താരങ്ങളെ വിമർശിച്ച ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്. സച്ചിന്‍റെ ട്വീറ്റിനെ ക്രിക്കറ്റ് മാച്ചിനോട് ഉപമിച്ചാണ് ഇന്ത്യ യുണൈറ്റഡ്, ഇന്ത്യ എഗെയ്ന്‍സ്റ്റ് ഇംഗ്ലണ്ട് എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പം ആക്ഷേപ ഹാസ്യത്തിൽ സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്. ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും ഇന്ത്യക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാമെന്നും ഇംഗ്ലണ്ട് ഞങ്ങളുടെ പരമാധികാരത്തില്‍ ഇടപെടേണ്ടെന്നുമായിരുന്നു സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്.

“ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്. ഇംഗ്ലണ്ടിന് ഇന്ത്യക്ക് എതിരായി കളിക്കണമെന്നുണ്ട്. എന്നാൽ ഞങ്ങളുടെ പരമാധികാരത്തിൽ ഇടപെടാൻ ഞങ്ങൾ ആരേയും അനുവദിക്കില്ല. ഇന്ത്യക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാം. അഞ്ച് ദിവസത്തിനിടെ ഒരു നല്ല റിസൽട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ 11 കളിക്കാരേയും ഇറക്കിക്കൊണ്ട് കളിക്കും.- സിദ്ധാർഥ് കുറിച്ചു. ഇന്ത്യ ഒറ്റക്കെട്ടാണെന്നും പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണെന്നുമായിരുന്നു ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗന്‍ഡ എന്നീ ഹാഷ് ടാഗുകൾക്കൊപ്പം സച്ചിൻ ടെന്‍ഡുക്കർ ട്വീറ്റ് ചെയ്തത്.

Top