ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 368 റണ്‍സ് വിജയലക്ഷ്യം

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 466 ന് ഓള്‍ ഔട്ടായി. ഇതോടെ ഇംഗ്ലണ്ടിന് മുന്നില്‍ 368 റണ്‍സ് വിജയ ലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചിരിക്കുന്നത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ വിക്കറ്റ് നഷ്ടമില്ലാതെ 20 റണ്‍സെടുത്തിട്ടുണ്ട്. റോറി ബേണ്‍സ് (8), ഹസീബ് ഹമീദ് (11) എന്നിവരാണ് ക്രീസില്‍. ഇന്ന് നിര്‍ണായക പ്രകടനം പുറത്തെടുത്ത ഷാര്‍ദുല്‍ താക്കൂര്‍ (60), റിഷഭ് പന്ത് (50) എന്നിവരാണ് ഇന്ത്യ മികച്ച ലീഡിലേക്ക് നയിച്ചത്. മൂന്നാം ദിനം രോഹിത് ശര്‍മയുടെ (127)യുടെ സെഞ്ചുറിയും ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന് മാറ്റ് കൂട്ടി. ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനായ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നാലാം ദിനം തുടക്കത്തില്‍ പതറിയെങ്കിലും മധ്യനിരയും വാലറ്റവും നന്നായി ബാറ്റുവീശിയതോടെയാണ് ഇന്ത്യയുടെ ലീഡ് 350 കടന്നത്. നായകന്‍ വിരാട് കോഹ്ലി (44) രവീന്ദ്ര ജഡേജ(17) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ആദ്യം വീണത്. രഹാനെ റണ്‍സൊന്നും എടുക്കാതെ മടങ്ങിയെങ്കിലും റിഷഭ് പന്തും ഷര്‍ദുല്‍ താക്കൂറും ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും അര്‍ദ്ധ സെഞ്ച്വറി നേടി. പന്ത് 106 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയപ്പോള്‍ ഏകദിന ശൈലിയിലായിരുന്നു താക്കൂര്‍ ബാറ്റ് വീശിയത്. 72 പന്തില്‍ നിന്ന് ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 60 റണ്‍സാണ് നേടിയത്.

പിന്നാലെ ബുംറ 24ഉം ഉമേഷ് യാദവ് 25 റണ്‍സും നേടി. റണ്ണൊഴുക്കു കൂട്ടാന്‍ ശ്രമിക്കാതെ നായകനുമൊത്ത് കരുതലോടെയാണ് ജഡേജയും കളിച്ചത്. എന്നാല്‍, ഇന്ത്യന്‍ സ്‌കോര്‍ 300 കടക്കും മുന്‍പ് ജഡേജ(17)യെ ക്രിസ് വോക്‌സ് വിക്കറ്റിനു മുന്നില്‍ കുരുക്കി. ആറാമനായി വന്ന അജിങ്ക്യ രഹാനെ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. വെറും എട്ടു പന്ത് നേരിട്ട് സംപൂജ്യനായായിരുന്നു ഇത്തവണ രഹാനെയുടെ മടക്കം.

Top