ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് 287 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് 287 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 286 റണ്‍സിന് ഓള്‍ഔട്ടായി. 71 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്നാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് നാല് വിക്കറ്റ് വീഴ്ത്തി. മാര്‍ക് വുഡും ആദില്‍ റാഷിദും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

അവസാന ഓവറുകളിലെ നിശ്ചിത ഇടവേളകളില്‍ വാലറ്റത്തെ പുറത്താക്കാന്‍ ഇംഗ്ലീഷ് പടയ്ക്ക് കഴിഞ്ഞു. 32 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ബൗണ്ടറിയുമടക്കം 35 റണ്‍സെടുത്ത് മാര്‍കസ് സ്റ്റോയിനിസ് മടങ്ങി. ലിയാം ലിവിങ്സ്റ്റണ്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചാണ് സ്റ്റോയിനിസിനെ കൂടാരം കയറ്റിയത്. പത്ത് വീതം റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. എന്നാല്‍ വാലറ്റക്കാരനായ ആദം സാംപ 19 പന്തില്‍ നിന്ന് 29 റണ്‍സെടുത്തു.സ്മിത്തിന് പകരക്കാരനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസ് നിരാശപ്പെടുത്തി. മൂന്ന് റണ്‍സെടുത്ത ഇംഗ്ലിസിനെയും പുറത്താക്കിയത് ആദില്‍ റാഷിദ്- മൊയീന്‍ അലി കൂട്ടുകെട്ടാണ്. ആറാമനായി ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനിനെ കൂട്ടുപിടിച്ച് ലബുഷെയ്ന്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അതിനിടയില്‍ 33-ാം ഓവറിലെ അവസാന പന്തില്‍ മാര്‍നസ് ലബുഷെയ്നും കൂടാരം കയറേണ്ടി വന്നു. 83 പന്തില്‍ 71 റണ്‍സ് നേടിയ ലബുഷെയ്നെ മാര്‍ക് വുഡ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആറ് ഓവറുകള്‍ക്കുള്ളില്‍ ഓസീസിന് രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു. ട്രേവിസ് ഹെഡ് (11), ഡേവിഡ് വാര്‍ണര്‍ (15) എന്നിവരെ പുറത്താക്കി ക്രിസ് വോക്സ് തിളങ്ങി. മൂന്നാം വിക്കറ്റില്‍ ഒരുമിച്ച സ്റ്റീവ് സ്മിത്ത്-മാര്‍നസ് ലബുഷെയ്ന്‍ സഖ്യം തകര്‍ത്തടിച്ചതോടെയാണ് ഓസീസ് സ്‌കോര്‍ 100 കടന്നത്. 22-ാം ഓവറിലാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. 52 പന്തില്‍ നിന്ന മൂന്ന് ബൗണ്ടറിയടക്കം 44 റണ്‍സെടുത്ത സ്മിത്തിനെ ആദില്‍ റാഷിദ് മൊയീന്‍ അലിയുടെ കൈകളിലെത്തിക്കുകയായിരുന്നു.

 

Top