വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര; ഇംഗ്ലണ്ട് താരങ്ങളില്‍ ആര്‍ക്കും കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ഇംഗ്ലണ്ട് താരങ്ങളില്‍ ആര്‍ക്കും കൊവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ചില കളിക്കാരെ ഒന്നിലേറെ തവണ പരിശോധനകള്‍ക്ക് വിധേയരാക്കിയെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ജൂണ്‍ മൂന്ന് മുതല്‍ 23വരെ ആകെ 702 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്നും ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. കളിക്കാര്‍ക്ക് പുറമെ സപ്പോര്‍ട്ട് സ്റ്റാഫ്, മാച്ച് ഒഫീഷ്യല്‍സ്, ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ജീവനക്കാര്‍, വേദിയിലെ ജീവനക്കാര്‍, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെയാണ് പരിശോധനകള്‍ക്ക് വിധേയരാക്കിയത്.

രണ്ടാംവട്ടം കൊവിഡ് പരിശോധനക്ക് വിധേയനായ പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ വ്യാഴാഴ്ച ഇംഗ്ലണ്ട് ടീമിനൊപ്പം പരിശീലനത്തിന് ചേരും. കഴിഞ്ഞ ആഴ്ച ആര്‍ച്ചറുടെ കുടുംബാഗത്തിന് ശാരീരിക ആസ്വസ്ഥതകള്‍ ഉണ്ടായിരുന്നതിനാലാണ് ആര്‍ച്ചറെ രണ്ടാംവട്ടവും പരിശോധനകള്‍ക്ക് വിധേയനാക്കിയത്. ജൂലൈ എട്ടിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ന് സതാംപ്ടണിലെ ഏജീസ് ബൗളില്‍ എത്തി പരിശീലനം തുടങ്ങിയിരുന്നു.

Top