ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് വീണ്ടും പരിക്ക്

ലണ്ടന്‍: പരിക്ക് മൂലം ഇന്ത്യക്കെതിരായ ഏകദിന പരമ്പരയും ഐ പി എല്ലും നഷ്ടമായ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര അര്‍ച്ചര്‍ക്ക് ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമാവും. കൈവിരലിലെ പരിക്കിന് ശാസ്ത്രക്രിയ്ക്ക് വിധേയനായ ആര്‍ച്ചര്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നു.

എന്നാല്‍ കൗണ്ടിയില്‍ സസെക്‌സിനായി പന്തെറിയുന്നതിനിടെ കൈമുട്ടില്‍ വീണ്ടും വേദന അനുഭവപ്പെട്ട ആര്‍ച്ചര്‍ മത്സരം പൂര്‍ത്തിയാക്കാനാവാതെ മടങ്ങി. ന്യൂസിലന്റിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയില്‍ ആര്‍ച്ചര്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കി.

ജനുവരിയില്‍ വീട്ടിലെ അക്വേറിയം വൃത്തിയാക്കുമ്പോള്‍ താഴെ വീണ് പൊട്ടിയപ്പോഴാണ് ആര്‍ച്ചറുടെ കൈവിരലില്‍ കുപ്പിച്ചില്ല് തറച്ചുകയറി പരിക്കേറ്റത്. എന്നാല്‍ വേദന കാര്യമാക്കാതെ ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റിലും അഞ്ച് ടി20 മത്സരങ്ങളിലും പന്തെറിഞ്ഞ ആര്‍ച്ചര്‍ വേദന കലശലായതോടെ ഏകദിന പരമ്പരയില്‍ പന്തെറിയാന്‍ കാത്തുനില്‍ക്കാതെ ഇംഗ്ലണ്ടിലെക്ക് മടങ്ങിയിരുന്നു.

കൈവിരലില്‍ തറച്ചുകയറിയ കുപ്പിച്ചില്ല് നീക്കം ചെയ്യാന്‍ മാര്‍ച്ചില്‍ ശസ്ത്രക്രിയക്ക് വിധേയനായ ആര്‍ച്ചര്‍ ഐപിഎല്ലില്‍ കളിക്കുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഇത് നിഷേധിച്ചു. ഓഗസ്റ്റില്‍ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം പുനരാരംഭിച്ച ആര്‍ച്ചര്‍ സസെക്‌സിനായി കളിച്ച് വീണ്ടും ഫോമിലാവാനുള്ള തയാറെടുപ്പിലായിരുന്നു.

2018 സെപ്റ്റംബറിനുശേഷം ആദ്യമായാണ് ആര്‍ച്ചര്‍ സസെക്‌സിനായി പന്തെറിയുന്നത്. ആര്‍ച്ചറുടെ കൈമുട്ടിലെ പരിക്ക് ഗുരുതരമാണോ എന്ന് വിശദമായ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാവു. 2020 ജൂണില്‍ ദക്ഷിണാഫ്രികക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയും വലതു കൈമുട്ടിലെ പരിക്ക് ആര്‍ച്ചറെ അലട്ടിയിരുന്നു. തുടര്‍ന്ന് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ ആര്‍ച്ചര്‍ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.

 

Top