ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് തോല്‍വിയിലേക്ക്

ധരംശാല: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് തോല്‍വിയിലേക്ക്. മൂന്നാം ദിവസം ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചിന് 103 എന്ന നിലയിലാണ്. രവിചന്ദ്രന്‍ അശ്വിന്‍ നാലും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനി 156 റണ്‍സ് കൂടെ വേണം.

രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് വലിയ തകര്‍ച്ചയെയാണ് നേരിട്ടത്. 36 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നാലെ നന്നായി കളിച്ചുവന്ന ജോണി ബെയര്‍‌സ്റ്റോ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. 39 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയെ കുല്‍ദീപ് പുറത്താക്കി. ബാക്കി നാല് വിക്കറ്റും അശ്വിനാണ് സ്വന്തമാക്കിയത്. 34 റണ്‍സെടുത്ത ജോ റൂട്ടാണ് ക്രീസിലുള്ളത്.

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 477 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്നാം ദിനം നാല് റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത്. കുല്‍ദീപ് യാദവ് 30 റണ്‍സും ജസ്പ്രീത് ബുംറ 20 റണ്‍സെടുത്തും പുറത്തായി. ഇംഗ്ലണ്ടിനായി സ്പിന്നര്‍ ഷുഹൈബ് ബഷീര്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് കരിയറില്‍ 700 വിക്കറ്റ് തികച്ചതും മത്സരത്തിന്റെ പ്രത്യേകതയാണ്.

Top