ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ പ്രതിഷേധത്തിന് പിന്തുണയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും

ലണ്ടന്‍: ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ പ്രതിഷേധത്തിന് പിന്തുണയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും. ഈ മാസം എട്ടിന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ജേഴ്‌സിയില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നെഴുതിയാവും ഇംഗ്ലണ്ട് കളിക്കാനിറങ്ങുക. ജോര്‍ജ്ജ് ഫ്‌ലോയ്‌ഡെന്ന കറുത്തവര്‍ഗക്കാരന്‍ അമേരിക്കന്‍ പോലീസിന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലോകമെമ്പാടും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം വ്യാപകമാകുന്നത്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി വെസ്റ്റ് ഇന്‍ഡീസ് ടീമും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നെഴുതിയ ജേഴ്‌സിയുമായി കളത്തിലറങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ തീരുമാനവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും രംഗത്തെത്തിയിരിക്കുന്നത്. മത്സരത്തിനിറങ്ങുന്ന ജേഴ്‌സിയിലെ കോളറില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നെഴുതിയാവും ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഗ്രൗണ്ടിലിറങ്ങുക.

കറുത്തവര്‍ഗക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും വര്‍ണവിവേചനത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും തങ്ങളുടെ നടപടി ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറഞ്ഞു. തീരുമാനത്തിന് ഇംഗ്ലണ്ട് ടീം അംഗങ്ങളുടെയും ടീം മാനേജ്‌മെന്റിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നും റൂട്ട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Top