ഞങ്ങളെ പ്രകോപിപ്പിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകന്‍

കളിക്കളത്തിലെ വാക്‌പോരില്‍ തങ്ങള്‍ക്ക് ഭയമില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ്. തങ്ങളെ പ്രകോപിപ്പിച്ചാല്‍ തങ്ങള്‍ തിരിച്ചടിക്കും. അതാണ് ടെസ്റ്റ് മത്സരങ്ങളെ ആവേശകരമാക്കുന്നത് എന്നും സില്‍വര്‍വുഡ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ ആയിരുന്നു സില്‍വര്‍വുഡിന്റെ വെളിപ്പെടുത്തല്‍.

‘കളിക്കളത്തിലെ വാക്‌പോരില്‍ ഞങ്ങള്‍ക്ക് ഭയമില്ല. ഞങ്ങളെ പ്രകോപിപ്പിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും. എന്നെ സംബന്ധിച്ചിടത്തോളം, അതാണ് ടെസ്റ്റ് മത്സരങ്ങളെ ആവേശകരമാക്കുന്നത്. മത്സരഫലത്തില്‍ നിരാശയുണ്ട്. പക്ഷേ, എന്തൊരു മികച്ച മത്സരമായിരുന്നു. കളിക്കളത്തില്‍ ആവേശം മുറ്റിനിന്നിരുന്നു.

തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന രണ്ട് സംഘങ്ങളുടെ വൈകാരിക പ്രകടനമായിരുന്നു അത്. വികാരങ്ങള്‍ പ്രതിഫലിച്ചു. അതില്‍ സംശയമില്ല. ആദ്യ ഇന്നിംഗ്‌സില്‍ അവര്‍ ആന്‍ഡേഴ്‌സണെ ഉന്നമിട്ടു എന്നതില്‍ സംശയമില്ല. ഞങ്ങളും തിരിച്ചടിച്ചു. വാലറ്റത്തിനു മുന്നില്‍ ഞങ്ങള്‍ അല്പം പതറി. അതില്‍ നിന്ന് ഞങ്ങള്‍ പഠിക്കും.”- സില്‍വര്‍വുഡ് പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന്റെ ജയം കുറിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 51.5 ഓവറില്‍ 120 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

 

Top