ബൗളിംഗില്‍ തിരിച്ചുവരവിനൊരുങ്ങി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്

റാഞ്ചി: ബൗളിംഗില്‍ തിരിച്ചുവരവിനൊരുങ്ങി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. കാല്‍മുട്ടിനേറ്റ പരിക്ക് കാരണം കുറച്ചുകാലമായി ബൗളിംഗില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍. എന്നാല്‍ റാഞ്ചിയില്‍ തുടങ്ങാനിരിക്കുന്ന നാലാം ടെസ്റ്റിന് മുമ്പായുള്ള പരിശീലനത്തില്‍ ബെന്‍ സ്റ്റോക്‌സ് പന്തെറിഞ്ഞു. 100 ശതമാനം ബൗളിംഗിന് കഴിയുമെന്നാണ് താരത്തോട് അടുത്തുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അതിനിടെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് നിരയില്‍ എത്ര പേസര്‍മാരുണ്ടാവുമെന്ന് സൂചനകളില്ല. കഴിഞ്ഞ മത്സരത്തില്‍ മാത്രമാണ് ഇംഗ്ലണ്ട് രണ്ട് പേസര്‍മാരുമായി കളിക്കാനിറങ്ങിയത്. റാഞ്ചിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ബ്രണ്ടന്‍ മക്കല്ലത്തിന്റെ നിലപാട്.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പര നഷ്ടം ഒഴിവാക്കാന്‍ അടുത്ത മത്സരം ഇംഗ്ലണ്ടിന് ജയിച്ചേ തീരു. ബെന്‍ സ്റ്റോക്‌സ് കൂടിയെത്തിയാല്‍ ഇംഗ്ലീഷ് ബൗളിംഗ് നിര കൂടുതല്‍ ശക്തി പ്രാപിക്കും. എങ്കിലും നായകനും മധ്യനിര ബാറ്ററുമായ സ്റ്റോക്‌സ് കൂടുതല്‍ ഓവറുകള്‍ എറിഞ്ഞേക്കില്ല.

Top