യൂറോകപ്പില്‍ ജര്‍മനിയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

വെംബ്ലി: യൂറോകപ്പില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജര്‍മനിയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് കടന്നത്. റഹീം സ്‌റ്റെര്‍ലിങ് ഇംഗ്ലണ്ടിനായി ഗോള്‍ വല കുലുക്കുകയും ഹാരി കെയ്ന്‍ യൂറോ 2020ലെ ആദ്യ ഗോള്‍ കണ്ടെത്തുകയും ചെയ്തപ്പോള്‍ ജര്‍മനി പ്രീക്വാര്‍ട്ടറില്‍ പുറത്ത്. റഹീം സ്‌റ്റെര്‍ലിങ്ങും, ഹാരി കെയ്‌നുമാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്.

75ാം മിനിറ്റിലാണ് റഹീം സ്‌റ്റെര്‍ലിങ് ഇംഗ്ലണ്ടിന്റെ അക്കൗണ്ട് തുറന്നത്. ലൂക്ക് ഷോയുടെ അസിസ്റ്റിലായിരുന്നു സ്‌റ്റെര്‍ലിങ്ങിന്റെ ഗോള്‍. 81ാം മിനിറ്റില്‍ സമനില പിടിക്കാനായി മുന്‍പില്‍ തുറന്ന് കിട്ടിയ അവസരം തോമസ് മുള്ളര്‍ നഷ്ടപ്പെടുത്തിയതാണ് ജര്‍മനിക്ക് വിനയായത്.

ഹാവെര്‍ട്‌സില്‍ നിന്ന് കിട്ടിയ പാസ് സ്വീകരിക്കുമ്പോള്‍ ഗോള്‍കീപ്പര്‍ മാത്രമായിരുന്നു മുള്ളറുടെ മുന്‍പില്‍. എന്നാല്‍ മുള്ളറുടെ ഷോട്ടോ പോസ്റ്റിന് പുറത്തേക്ക് പോയി. പിന്നാലെ 86ാം മിനിറ്റില്‍ കെയ്‌നിന്റെ ഗോളെത്തി.

55 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഒരു പ്രധാന ടൂര്‍ണ്ണമെന്റിന്റെ നൗക്കൗട്ടില്‍ ജര്‍മ്മനിയെ തോല്‍പ്പിക്കുന്നത്. ഉക്രെയ്‌നാണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

Top