ഹാരി കെയ്‌നിന്റെ ഇരട്ടഗോളില്‍ ടുണീഷ്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

വോള്‍ഗോഗ്രാഡ്: ലോകകപ്പ് ഗ്രൂപ്പ് ജി യിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയ രണ്ട് ഗോളുകളാണ് ടീമിനെ വിജയത്തിലെത്തിച്ചത്. കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ പിറന്നത്.

ലിംഗാര്‍ഡിന് ലഭിച്ച മികച്ച അവസരത്തിലൂടെയാണ് ഇംഗ്ലണ്ട് കളി ആരംഭിച്ചത്. പക്ഷെ ടുണീഷ്യന്‍ ഗോളിയുടെ മികച്ച സേവ് അവരുടെ രക്ഷക്കെത്തി. പക്ഷെ 11 -ാം മിനുട്ടില്‍ ഇംഗ്ലണ്ട് കാത്തിരുന്ന ഗോള്‍ എത്തി. കോര്‍ണറില്‍ സ്റ്റോന്‍സിന്റെ ഹെഡര്‍ ഗോളി തടുത്തെങ്കിലും കെയ്നിന്റെ ഫോളോ അപ്പ് ഷോട്ടില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. സേവിനിടെ പരിക്കേറ്റ് ടുണീഷ്യന്‍ ഗോളി ഹസ്സന്‍ പുറത്ത് പോകുകയും ചെയ്തു.

മത്സരത്തില്‍ ആധിപത്യം തുടരുന്നതിനിടെ കെയില്‍ വാള്‍ക്കര്‍ ബോക്‌സില്‍ നടത്തിയ അനാവശ്യ ഫൗളിന് റഫറി ടുണീഷ്യക്ക് പെനാല്‍റ്റി അനുവദിച്ചു. കിക്ക് എടുത്ത സാസിക് പിഴച്ചില്ല. സ്‌കോര്‍ 1-1.

രണ്ടാം പകുതിയില്‍ ടുണീഷ്യ മികച്ച രീതിയില്‍ പ്രതിരോധിച്ചതോടെ ഇംഗ്ലണ്ടിന് അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. ഏറെ നേരവും പന്ത് കൈവശം വച്ചെങ്കിലും അതിന്റെ ഗുണം ഇംഗ്ലണ്ടിന് ലഭിച്ചില്ല. വിജയ ഗോള്‍ ലക്ഷ്യമിട്ട് സൗത്ത്‌ഗേറ്റ് മര്‍കസ് റാഷ്‌ഫോര്‍ഡിനെ കളത്തില്‍ ഇറക്കിയിരുന്നു. പിന്നീട് മത്സരത്തില്‍ കാര്യമായി ഒന്നും ചെയ്യാനാവാതെ നിന്ന അലിയെ പിന്‍വലിച്ച് ഇംഗ്ലണ്ട് റൂബന്‍ ലോഫ്റ്റസ് ചീക്കിനെയും കളത്തില്‍ ഇറക്കി.

മത്സരം സമനിലയില്‍ അവസാനിക്കും എന്ന ഘട്ടത്തില്‍ എത്തിനില്‍ക്കെ ഇംഗ്ലണ്ട് വിജയ ഗോള്‍ നേടി. ഇത്തവണയും കെയ്ന്‍ തന്നെയാണ് ഇംഗ്ലണ്ടിന് രക്ഷകനായത്. ഹെഡറിലൂടെ 91-ാം മിനുട്ടില്‍ വിജയഗോളോടെ ഇംഗ്ലണ്ട് അങ്ങിനെ ലോകകപ്പ് തുടക്കം ഗംഭീരമാക്കി.

Top