നിര്‍ണായക മത്സത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് വിജയം

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 20 റണ്‍സ് ജയം. ബ്രിസ്‌ബേനില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. ജോസ് ബട്‌ലര്‍ (73), അലക്‌സ് ഹെയ്ല്‍സ് (52) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനാണ് സാധിച്ചത്. 62 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ് ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ജയത്തോടെ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് അഞ്ച് പോയിന്റ് വീതമായി. റണ്‍റേറ്റില്‍ കിവീസാണ് ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാമതും ഓസ്‌ട്രേലിയ മൂന്നാമതുമാണ്. മൂവര്‍ക്കും അവസാന മത്സരം നിര്‍ണായകമാണ്. അയര്‍ലന്‍ഡാണ് അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാനേയും ഇംഗ്ലണ്ട് ശ്രീലങ്കയേയും നേരിടും.

മറുപടി ബാറ്റിംഗില്‍ സ്‌കോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ഫിന്‍ അലന്‍ (16), ഡെവോണ്‍ കോണ്‍വെ (3) എന്നിവരെ ന്യൂസിലന്‍ഡിന് നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന കെയ്ന്‍ വില്യംസണ്‍ (40 പന്തില്‍ 40)- ഫിലിപ്‌സ് സഖ്യാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ക്യാപ്റ്റന്റെ ഏകദിന ശൈലിയിലുള്ള ബാറ്റിംഗ് കിവീസിനെ പ്രതിരോധത്തിലാക്കി.

91 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് സഖ്യം പിരിഞ്ഞത്. ബെന്‍ സ്‌റ്റോക്‌സിന്റെ പന്തില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നീടെത്തിയവര്‍ക്ക് സമ്മര്‍ദ്ദത്തെ അതിജീവിക്കാനായില്ല. ജയിംസ് നീഷം (6), ഡാരില്‍ മിച്ചല്‍ (3) എന്നിവര്‍ റണ്‍നിരക്ക് കൂട്ടാനുള്ള ശ്രമത്തില്‍ പുറത്തായി. മിച്ചല്‍ സാന്റ്‌നര്‍ (16), ഇഷ് സോധി (6) എന്നിവര്‍ പുറത്താവാതെ നിന്നു. ക്രിസ് വോക്‌സ്, സാം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍ക് വുഡ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ടോസിലെ ഭാഗ്യം ഇംഗ്ലണ്ടിനെ ബാറ്റിംഗിലും തുണച്ചു. ജോസ് ബട്ലറെ പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും പിന്നീട് ഡാരില്‍ മിച്ചലും കൈവിട്ടു. അലക്‌സ് ഹെയില്‍സും ബട്ലറും തകര്‍ത്തടിച്ചതോടെ ഓപ്പണിംഗ് വിക്കറ്റില്‍ ഇംഗ്ലണ്ട് 10.2 ഓവറില്‍ 81 റണ്‍സടിച്ചു. 40 പന്തില്‍ 52 റണ്‍സെടുത്ത ഹെയില്‍സിനെ വീഴ്ത്തിയ മിച്ചല്‍ സാന്റനറാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് എത്തിയ മൊയീന്‍ അലിക്ക്(5) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ലിയാം ലിവിംഗ്സ്റ്റണും(14 പന്തില്‍ 20) പെട്ടെന്ന് മടങ്ങിയെങ്കിലും ബട്ലര്‍ ഒരറ്റത്ത് തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് മുന്നോട്ട് കുതിച്ചു.

35 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബട്ലര്‍ 47 പന്തില്‍ 73 റണ്‍സെടുത്ത് പത്തൊമ്പതാം ഓവറില്‍ റണ്‍ ഔട്ടായി. ഹാരി ബ്രൂക്കും(3 പന്തില്‍ 7) പെട്ടെന്ന് മടങ്ങിയതോടെ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ അനുവദിക്കാതെ കിവീസ് ഇംഗ്ലണ്ടിനെ കെട്ടിയിട്ടു. കിവീസിനായി നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത മിച്ചല്‍ സാന്റ്‌നര്‍ 25 റണ്‍സിന് ഒരുവിക്കറ്റെടുത്തപ്പോള്‍ ഇഷ് സോധി നാലോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട് നാലോവറില്ര്‍ 40 റണ്‍സ് വഴങ്ങിയപ്പോള്‍ ടിം സൗത്തി നാലോവറില്‍ 43 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

Top