ഇന്ത്യക്കെതിരായ ആദ്യ ടി-20യിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ഇന്ത്യക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇംഗ്ലണ്ടിന് അനായാസ ജയം. 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 125 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 15.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 49 റൺസ് നേടിയ ജേസൻ റോയ് ആണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറർ.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തു. ശ്രേയസ് അയ്യരുടെ (67) അര്‍ദ്ദ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ നേടിയത്.

ആശങ്കകളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്.ആദ്യ വിക്കറ്റിൽ ജോസ് ബട്‌ലർ-ജേസൻ റോയ് സഖ്യം 72 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ബട്‌ലറെ (28) വിക്കറ്റിനു മുന്നിൽ കുരുക്കിയ യുസ്‌വേന്ദ്ര ചഹാൽ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഏറെ വൈകാതെ ജേസൻ റോയിയെ (49) വാഷിംഗ്ടൺ സുന്ദർ വിക്കറ്റിനു മുന്നിൽ കുരുക്കി. എന്നാൽ, നാലാം നമ്പറിൽ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞ ജോണി ബെയർസ്റ്റോ ഇംഗ്ലണ്ടിനെ വിജയിപ്പിക്കുകയായിരുന്നു.

മോശം തുടക്കം ഇന്ത്യക്ക് വിനയാവുകയായിരുന്നു. ഒരു റണ്ണെടുത്ത് കെ.എല്‍ രാഹുലും റണ്ണൊന്നുമെടുക്കാതെ വിരാട് കോഹ്‍ലിയും നാല് റണ്‍സെടുത്ത് ശിഖര്‍ ധവാനും പുറത്തായി. ഒരു പോരാട്ടം നടത്താന്‍ ശ്രമിച്ചെങ്കിലും 21 റണ്ണെടുത്ത് റിഷഭ് പന്ത് പുറത്തായി. പിന്നീട് ഹാര്‍ദ്ദികിനെ കൂട്ടുപിടിച്ച് ശ്രേയസ് ഇന്നിങ്സ് പടുത്തുയര്‍ത്തി. 19 റണ്ണെടുത്ത് ഹാര്‍ദ്ദികും പുറത്തായി.

 

Top