ലോകകപ്പ് സെമി; ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് തകര്‍ച്ച. ഒസ്‌ട്രേലിയ 28 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലാണ്. അര്‍ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തും(77 പന്തില്‍ 50) ഗ്ലെന്‍ മാക്‌സ്വെല്ലും(0) ആണ് ക്രീസില്‍.

ഓസീസിന്റെ തുടക്കം വന്‍ തകര്‍ച്ചയോടെ ആയിരുന്നു. 14 റണ്‍സിനിടയില്‍ മൂന്നു വിക്കറ്റ് പോയി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. പിന്നീട് ഡേവിഡ് വാര്‍ണറും(9) പീറ്റര്‍ ഹാന്‍ഡ്കോമ്പും (4) പുറത്തായി.

സ്റ്റീവ് സ്മിത്ത്-അലക്സ് കാരി സഖ്യം ക്രീസിലെത്തിയതോടെ ഓസീസ് മത്സരത്തിലേക്ക് തിരിച്ചുവരവ് ആരംഭിച്ചു. 24.1 ഓവര്‍ ഇവര്‍ ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ കാരിയെ പുറത്താക്കി ആദില്‍ റഷീദ് സഖ്യം പൊളിച്ചു. 70 പന്തില്‍ 46 റണ്‍സുമായി കാരി മടങ്ങി. തൊട്ടുപിന്നാലെ റണ്‍സൊന്നും എടുക്കാതെ മാര്‍ക്കസ് സ്റ്റോയിനസും മടങ്ങി.

Top