പാക് പര്യടനത്തില്‍ നിന്ന് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും പിന്മാറിയതില്‍ ഇടപെട്ടിട്ടില്ല; ബിസിസിഐ

BCCI

മുംബൈ: പാക് പര്യടനത്തില്‍ നിന്ന് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും പിന്മാറിയതില്‍ ബിസിസിഐ ഇടപെട്ടിട്ടില്ലെന്ന് ബിസിസിഐ പ്രതിനിധി. എല്ലായിടത്തും ഇന്ത്യയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും ചില മുന്‍ താരങ്ങള്‍ ഒരു കാരണവുമില്ലാതെ ഐപിഎലിനെ ശപിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.

‘റമീസ് രാജയ്ക്ക് ഞങ്ങളുടെ ആശംസകള്‍. അദ്ദേഹത്തിനു കീഴില്‍ പാകിസ്താന്‍ പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെ. പാകിസ്താനിലേക്കുള്ള പര്യടനത്തില്‍ നിന്ന് ന്യൂസീലന്‍ഡും ഇംഗ്ലണ്ടും പിന്മാറിയതില്‍ ബിസിസിഐക്ക് യാതൊരു പങ്കുമില്ലെന്ന് അറിയിക്കട്ടെ. ഞങ്ങള്‍ക്ക് അതിനൊന്നും സമയമില്ല.

മാത്രമല്ല, ചില മുന്‍ താരങ്ങള്‍ ഒരു കാരണവുമില്ലാതെ ഐപിഎലിനെ ശപിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഐപിഎലില്‍ നിന്ന് ലഭിക്കുന്ന പണത്തിനായി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ തങ്ങളുടെ ഡിഎന്‍എ വരെ മാറ്റിയെന്ന് റമീസ് രാജ പറഞ്ഞതായി ഞാന്‍ എവിടെയോ വായിച്ചു.

തങ്ങളുടെ സ്വാഭാവികമായ ആക്രമണോത്സുകതയില്ലാതെ ഓസീസ് താരങ്ങള്‍ ഐപിഎലില്‍ കളിക്കുകയാണെന്നാണ് റമീസ് രാജ ആരോപിച്ചത്. ഇവിടെ ഐപിഎല്‍ എങ്ങനെ വന്നു? ഇത് എത്തരത്തിലുള്ള അസ്വസ്ഥതയാണ്? നിങ്ങള്‍ക്ക് സങ്കടമാണെന്ന് മനസ്സിലായി. പക്ഷേ, ഇന്ത്യയെ എല്ലായിടത്തും വലിച്ചിഴക്കേണ്ട കാര്യമില്ല.”- ബിസിസിഐ പ്രതിനിധി പറഞ്ഞു.

 

Top