അഞ്ചു വിക്കറ്റ് നേടി അശ്വിന്‍; ഇംഗ്ലണ്ട് 134 റണ്‍സിന് പുറത്ത്

ചെന്നൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 134 റണ്‍സിനു പുറത്തായി. ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനാണു കളിയിൽ തിളങ്ങിയത്. ഇശാന്ത് ശര്‍മ്മ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്. ഇതോടെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 195 റണ്‍സിന്റെ ലീഡ് നേടി. 42 റണ്‍സ് നേടി പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍.

ചെപ്പോക്കിലെ സ്പിന്‍ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിനെ പിടിമുറുക്കുന്ന സ്ഥിതിവിശേഷമാണ് രണ്ടാം ദിനം കണ്ടത്. ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ തന്നെ റോറി ബേണ്‍സിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ഇശാന്ത് ശര്‍മ്മയാണ് ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നീട് സ്പിന്നര്‍മാരുടെ ഊഴമായിരുന്നു.

ഡോം സിബ്ലി (16) അശ്വിന്റെ പന്തില്‍ കോലിയുടെ കൈകളില്‍ അവസാനിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടി തകര്‍പ്പന്‍ ഫോമിലായിരുന്ന ക്യാപ്റ്റന്‍ ജോ റൂട്ടിനെ അശ്വിന്റെ കൈകളിലെത്തിച്ച അക്‌സര്‍ പട്ടേല്‍ ആദ്യ ടെസ്റ്റ് വിക്കറ്റും സ്വന്തമാക്കി. ഡാനിയല്‍ ലോറന്‍സ് (9), ബെന്‍ സ്റ്റോക്‌സ് (18) എന്നിവര്‍ അശ്വിന്റെ ഇരകളായി മടങ്ങി. ലോറന്‍സിനെ ഗില്‍ പിടികൂടിയപ്പോള്‍ സ്റ്റോക്‌സ് ക്ലീന്‍ ബൗള്‍ഡായി.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ ആറാം വിക്കറ്റില്‍ ഒലി പോപ്പും ബെന്‍ ഫോക്‌സും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഒലി പോപ്പിനെ (22) പന്തിന്റെ കൈകളില്‍ എത്തിച്ച മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. മൊയീന്‍ അലിയെ (6) അക്‌സര്‍ രഹാനെയുടെ കൈകളില്‍ എത്തിച്ചു. ഒലി സ്റ്റോണ്‍ (1) അശ്വിന്റെ പന്തില്‍ രോഹിതിന്റെ കൈകളില്‍ അവസാനിച്ചു. 9ആം വിക്കറ്റില്‍ ബെന്‍ ഫോക്‌സിനൊപ്പം ജാക്ക് ലീച്ച് പൊരുതാന്‍ ശ്രമിച്ചെങ്കിലും അതിനും ഏറെ ആയുസുണ്ടായില്ല. ലീച്ചിനെ (5) പന്തിന്റെ കൈകളില്‍ എത്തിച്ച ഇശാന്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. അവസാന വിക്കറ്റായ ബ്രോഡ് (0) അശ്വിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ഇതോടെ അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. ബെന്‍ ഫോക്‌സ് (42) പുറത്താവാതെ നിന്നു.

Top