ട്വന്റി 20 ലോകകപ്പ് ആദ്യ സെമി ഇന്ന്; ഇംഗ്ലണ്ടും ന്യൂസിലാന്റും നേർക്കുനേർ

അബുദാബി: ഏകദിന ചാമ്പ്യന്‍മാരും ടെസ്റ്റ് ചാമ്പ്യന്‍മാരും ഇന്ന് നേര്‍ക്കുനേര്‍. ട്വന്റി 20 ലോകകപ്പ് സെമിയാണ് രംഗം. രാത്രി 7.30ന് അബുദാബി ക്രിക്കറ്റ് സ്റ്റേഡിയം വേദി. കളത്തില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും. രണ്ടു വര്‍ഷംമുമ്പ് കിവികളുടെ ഹൃദയം തകര്‍ത്താണ് ഇംഗ്ലണ്ട് ഏകദിന കിരീടം ചൂടിയത്. സൂപ്പര്‍ ഓവറും കടന്ന് ബൗണ്ടറികളുടെ എണ്ണത്തിലായിരുന്നു കിരീടം തീര്‍പ്പാക്കിയത്. കണ്‍മുന്നില്‍ വഴുതിപ്പോയ ലോക കിരീടം ഏറെനാള്‍ കിവികളെ നോവിച്ചു.

കഴിഞ്ഞവര്‍ഷം ഇന്ത്യയെ തോല്‍പ്പിച്ച് അതേ വേദിയില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് കിരീടം ന്യൂസിലന്‍ഡ് സ്വന്തമാക്കി. എങ്കിലും ഇംഗ്ലണ്ടുമായുള്ള ഏകദിന ഫൈനല്‍ അവരുടെ മനസ്സില്‍ ഇപ്പോഴും മുറിവാണ്. വേദിയും കളിയും മാറി. ഇത് ട്വന്റി 20യാണ്. നിലവില്‍ ഇംഗ്ലണ്ടാണ് ഈ മേഖലയില്‍ കരുത്തര്‍. കടുത്ത ഗ്രൂപ്പില്‍നിന്ന് അഞ്ചു കളിയില്‍ നാലും ജയിച്ച് മുന്നേറി.

വമ്പന്‍താരങ്ങളില്‍ പലരും പരിക്കില്‍ പിന്‍വലിഞ്ഞിട്ടും ഇയോവിന്‍ മോര്‍ഗന്റെ ടീം തളര്‍ന്നില്ല. ഒന്നുപോയാല്‍ മറ്റനേകം എന്നതാണ് ഇംഗ്ലണ്ടിന്റെ രീതി. പകരക്കാരായി വന്നവരെല്ലാം മിന്നി. ലോകകപ്പുവരെ ഇഴഞ്ഞ മോര്‍ഗന്‍ കളം മാറിയപ്പോള്‍ കരുത്തനായി. ജോസ് ബട്ലറും മൊയീന്‍ അലിയും മോര്‍ഗനും ജോണി ബെയര്‍സ്റ്റോയും ലിയാം ലിവിങ്സ്റ്റണും ഉള്‍പ്പെട്ട ബാറ്റര്‍മാര്‍. ജാസണ്‍ റോയിയുടെ അഭാവം ഇതിനിടയിലും ക്ഷീണമാണ്.

അലിയും ആദില്‍ റഷീദും സ്പിന്‍ വകുപ്പില്‍. പേസര്‍മാരായി ക്രിസ് വോക്സും ക്രിസ് ജോര്‍ദാനുമുണ്ട്. അലിയായിരിക്കും ഇംഗ്ലണ്ടിന്റെ ജയം തീരുമാനിക്കുക. ബാറ്റിലും പന്തിലും മികവുണ്ട് ഈ ഇടംകൈയന്. മറുവശത്ത് പാകിസ്ഥാനോട് തോറ്റെങ്കിലും കരുത്തരായ ഇന്ത്യന്‍ ടീമിനെ തകര്‍ത്താണ് കെയ്ന്‍ വില്യംസണിന്റെ ന്യൂസിലന്‍ഡ് സെമിയില്‍ കടന്നത്. തോല്‍പ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള സംഘം. സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി കളിക്കാന്‍ കഴിയുന്നവര്‍. നോക്കൗട്ടില്‍ ഇരട്ടി കരുത്താണ് കിവികള്‍ക്ക്.

മാര്‍ട്ടിന്‍ ഗുപ്റ്റിലും ഡാരില്‍ മിച്ചെലും നല്‍കുന്ന തുടക്കമാണ് ബാറ്റില്‍ അവരുടെ ഊര്‍ജം. വില്യംസണ്‍, കോണ്‍വെ, ഗ്ലെന്‍ ഫിലിപ്സ്, ജിമ്മി നീഷം എന്നിവര്‍ ബാറ്റര്‍മാര്‍. പേസില്‍ ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ആദം മില്‍നെ സഖ്യം. സ്പിന്നര്‍മാരായ ഇഷ് സോധിയും മിച്ചെല്‍ സാന്റ്നെറും.

ബാറ്റിങ്ങിന് അനുകൂലമാണ് അബുദാബി പിച്ച്. എങ്കിലും ടോസ് കിട്ടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഇംഗ്ലണ്ട് –ജോസ് ബട്ലര്‍, ജോണി ബെയര്‍സ്റ്റോ, ഡേവിഡ് മലാന്‍, ഇയോവിന്‍ മോര്‍ഗന്‍, ലിയാം ലിവിങ്സ്റ്റണ്‍, മൊയീന്‍ അലി, സാം ബില്ലിങ്സ്/ ഡേവിഡ് വില്ലി, ക്രിസ് വോക്സ്, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.

ന്യൂസിലന്‍ഡ്–മാര്‍ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്യംസണ്‍, ഡെവണ്‍ കോണ്‍വെ, ഗ്ലെന്‍ ഫിലിപ്സ്, ജിമ്മി നീഷം, മിച്ചെല്‍ സാന്റ്നെര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്.

Top