എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ച സംഭവം; എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ച സംഭവത്തില്‍ ബി.എസ്.പി. മുന്‍ എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍. അമന്‍ ബഹാദൂര്‍ എന്ന യുവാവിനെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ കൊലപാതകത്തിലെ മുഖ്യപ്രതിയാണെന്നും ബി.എസ്.പി. മുന്‍ എം.എല്‍.എയുടെ മകനാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ പ്രശാന്ത് സിങ്(23) കുത്തേറ്റു മരിച്ചത്.
ലഖ്നൗവിലെ ഗോമതി നഗര്‍ എക്സ്റ്റന്‍ഷന്‍ ഏരിയയിലായിരുന്നു സംഭവം. അവിടുത്തെ ഒരു അപ്പാര്‍ട്മെന്റില്‍ സുഹൃത്തിനെ കാണാന്‍ എത്തിയ പ്രശാന്തിനെ ആറോളം പേരുവരുന്ന സംഘം ആക്രമിക്കുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിന്റെ മുന്നില്‍ കാത്തുനിന്ന ഇവര്‍ കാറില്‍ വന്നിറങ്ങിയ പ്രശാന്തിന്റെ നെഞ്ചില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ അപ്പാര്‍ട്മെന്റിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു.ദൃശ്യങ്ങളിൽ പ്രശാന്തിനെ കാത്തുനിന്ന ആറുപേർ അടങ്ങിയ സംഘം കാർ നിർത്തിച്ച്, നെഞ്ചിൽ കുത്തുന്നത് കാണാം. കുത്തേറ്റ പ്രശാന്ത് നെഞ്ചിൽ കൈവച്ചുകൊണ്ട് കാറിൽ നിന്ന് ഇറങ്ങിയോടുന്നു. അപാർട്ട്മെന്റിനുള്ളിലേക്ക് കയറിയ പ്രശാന്തിനെ രക്തത്തിൽ കുളിച്ചു കിടന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ മരിച്ചു.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു. കോളേജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയും പ്രശാന്തും തമ്മില്‍ ബുധാനാഴ്ച വാക്കേറ്റം ഉണ്ടായിരുന്നു. സമീപ ജില്ലയായ ബാരാബാങ്കിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനു പോയപ്പോഴായിരുന്നു സംഭവം. ഈ വിദ്യാര്‍ഥിയാകാം കൊലപാതകത്തിനു പിന്നിലെന്ന് പ്രശാന്തിന്റെ സുഹൃത്ത് പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.

Top