ഓഫ് റോഡ് ഇ-ബൈക്ക് നിർമ്മിച്ച് എഞ്ചിനീയറിംഗ് വിദ്യാര്തഥികൾ

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രിക് ഓഫ് റോഡ് ബൈക്ക് നിര്‍മിച്ച് കടമ്മനിട്ട മൗണ്ടി സിയോണ്‍ എന്‍ജിനിയറിങ്ങ് കോളേജ് വിദ്യാര്‍ഥികള്‍. അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥികളാണ് വാഹനം നിർമിച്ചത്. ഓഫ് റോഡുകളെ അനായാസം കീഴടക്കുമെന്നതാണ് പ്രത്യേകത.

450 വാട്ടിന്റെ ഹബ്ബ് മോട്ടോറാണ് ബൈക്കിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. കണ്‍ട്രോളര്‍, 12 വോള്‍ട്ടിന്റെ ഫോര്‍ ലെസ് ആസ്ഡ് ബാറ്ററികള്‍, ത്രോട്ടില്‍ തുടങ്ങിയവയാണ് ഈ ബൈക്കിന്റെ പ്രത്യേകതകൾ. ഓഫ് റോഡ് ബൈക്കുകളില്‍ സാധാരണ ഉപയോഗിക്കുന്ന മോണോഷോക്ക് സസ്‌പെന്‍ഷന്‍, സ്വിങ്ങ് ആം, ഫോര്‍ക്ക് തുടങ്ങിയവയും ബൈക്കിലുണ്ട്.

റെഗുലര്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്കും എന്‍ജിനും നല്‍കിയിട്ടുള്ള ഏരിയയിലാണ് ഈ വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും ഘടിപ്പിച്ചിട്ടുള്ളത്. സാധാരണ ബൈക്കുകളുടെ ടയറുകള്‍ ഉപയോഗിച്ചിട്ടുള്ള ഈ ഇലക്ട്രിക് ബൈക്കിന് ഡിസ്‌ക് ബ്രേക്കും ഉണ്ട്. സിംഗിള്‍ സീറ്റിലാണ് ഒരുക്കിയിട്ടുള്ളത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 60,000 രൂപയാണ് ബൈക്കിന്റെ നിര്‍മാണ ചെലവ്. ബി. ഹരിഗോവിന്ദ്, ജോബ്‌സണ്‍ സാജന്‍, അമല്‍ മനോജ്, എസ്.സൂരജ് തുടങ്ങിയ വിദ്യാര്‍ഥികളാണ് ബൈക്ക് വികസിപ്പിച്ചിരിക്കുന്നത്.

മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കിരണ്‍ രഘുനാഥിന്റെ നേതൃത്വത്തിലായിരുന്നു ബൈക്ക് നിര്‍മാണം. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് വകുപ്പ് മേധാവി പ്രൊഫ. രൂബേന്‍ രാജ് മാത്യുവും പ്രോജക്ട് കോര്‍ഡിനേറ്റര്‍ അസി.പ്രൊഫ വിധു ശങ്കറും മേല്‍നോട്ടം വഹിച്ചു. പത്തനംതിട്ട എ.എം.വി.ഐമാരായ അജിംഷാദ്, ശ്രീലാല്‍ തുടങ്ങിയവര്‍ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.

Top