‘എന്‍ജിനീയറിങ് വിസ്മയം ‘; ദ്വാരക എക്‌സ്പ്രസ് വേയുടെ വീഡിയോ പങ്കുവെച്ച് ഗഡ്കരി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ എട്ടുവരി എലിവേറ്റഡ് അതിവേഗപാതയായ ദ്വാരക എക്സ്പ്രസ് വേയുടെ പുതിയ വീഡിയോ പങ്കുവെച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എക്സ്പ്രസ് വേയെ ‘എന്‍ജിനീയറിങ് വിസ്മയം ‘എന്ന് വിശേഷിപ്പിച്ച ഗഡ്കരി ഭാവിയിലേക്കുള്ള അത്യാധുനിക യാത്രയാകും പുതിയ പാതയെന്നും എക്സില്‍ കുറിച്ചു.

34 മീറ്റര്‍ വീതിയുള്ള എക്സ്പ്രസ് വേയുടെ നിര്‍മാണ ചെലവ് 9,000 കോടി രൂപയാണ്. 563 കിലോമീറ്ററാണ് പാതയുടെ നീളം. ദേശീയ പാത എട്ടിലെ ശിവ് മൂര്‍ത്തിയില്‍ നിന്ന് ആരംഭിക്കുന്ന പാത ഗുരുഗ്രാമിലെ ഖേര്‍കി ഡൗലയിലാണ് അവസാനിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെത്താനുള്ള ദൂരം ഗണ്യമായി കുറയും. ഇതോടെ ദ്വാരകയില്‍ നിന്ന് മനേസറിലേക്ക് 15 മിനിറ്റുകള്‍ക്കുള്ളില്‍ യാത്രചെയ്യാം. മനേസറില്‍ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരം 20 മിനിറ്റായി കുറയും.

ആകെ 16 പാതകളാണ് ദ്വാരക എക്സ്പ്രസ് വേയിലുള്ളത്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഇരുവശങ്ങളിലുമായി മൂന്നു വരികളുള്ള സര്‍വീസ് റോഡുകളുമുണ്ട്. രണ്ട് ലക്ഷം മെട്രിക് ടണ്ണോളം സ്റ്റീലും 20 ലക്ഷം ക്യുബിക് മീറ്റര്‍ സിമന്റുമാണ് പാതയുടെ നിര്‍മാണത്തിന് ആവശ്യമായിവന്നത്. ഈഫല്‍ ടവര്‍ നിര്‍മിക്കുന്നതിന് ആവശ്യമായിവന്ന സ്റ്റീലിന്റെ 30 മടങ്ങും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ നിര്‍മിക്കാനാവശ്യമായതിന്റെ ആറ് മടങ്ങ് സിമന്റുമാണ് ഇതിന്റെ നിര്‍മാണത്തിന് വേണ്ടിവന്നത്.

Top