Engineering entrance; discussion between government and management

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ക്ക് മാനേജ്‌മെന്റുകള്‍ വഴങ്ങി. പത്തുമാര്‍ക്കില്‍ താഴെ നേടിയവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന ഇടത് സര്‍ക്കാരിന്റെ നിലപാട് ഒടുവില്‍ മാനെജ്‌മെന്റുകള്‍ അംഗീകരിച്ചു.

പ്ലസ് ടുവിന് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നല്‍കുന്ന കാര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായും മാനെജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.ഇതുസംബന്ധിച്ച കരാറില്‍ മാനേജ്‌മെന്റുകള്‍ ഒപ്പുവെക്കും.

അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയെങ്കിലും 10 മാര്‍ക്കില്‍ താഴെ മാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. തുടര്‍ന്നാണ് ഒഴിവു വരുന്ന സീറ്റുകളില്‍ പ്ലസ് ടുവിന് 60 ശതമാനം മാര്‍ക്ക് നേടിയവരെ പരിഗണിക്കണമെന്ന നിര്‍ദ്ദേശം മാനേജ്‌മെന്റ് പ്രതിനിധികള്‍ മുന്നോട്ട് വെച്ചത്.

ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. മാനേജ്‌മെന്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ചചെയ്യും. തുടര്‍ന്നാകും വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ചയും കരാര്‍ ഒപ്പുവെക്കലും നടക്കുക.

Top