പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന് എന്‍ജിനീയര്‍മാരുടെ സംഘടന

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻമാറണമെന്ന ആവശ്യവുമായി എന്‍ജിനീയര്‍മാരുടെ സംഘടന അസോസിയേഷൻ ഓഫ് സ്‌ട്രെച്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ് രംഗത്ത്.

ഈ വിഷയത്തിൽ സർക്കാർ തീരുമാനം ശരിയല്ലെന്നും എങ്ങനെയെങ്കിലും പൊളിക്കണമെന്ന മനസ്ഥിതിയാണ് സർക്കാരിനെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പൊളിക്കാതെ തന്നെ പരിഹരിക്കാവുന്ന തകരാറുകളെ പാലത്തിനുള്ളൂ. പാലാരിവട്ടം മേൽപ്പാലം ഉടൻ പൊളിച്ചു പണിയാൻ സർക്കാരിന് എന്തോ നിർബന്ധമുള്ളതു പോലെ തോന്നുവെന്നും സംഘടന ഭാരവാഹികൾ വ്യക്തമാക്കി.

ലഭ്യമായ പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പാലത്തിന്‍റെ കോണ്‍ക്രീറ്റിന് ആവശ്യമായ ഗുണനിലവാരമുണ്ടെന്നാണ് അസോസിയേഷൻ ഓഫ്‌ സ്ട്രക്‌ചറൽ ആന്റ്‌ ജിയോ ടെക്‌നിക്കൽ കൺസൾട്ടിങ് എൻജിനീയേഴ്‌സിന്‍റെ നിലപാട്. മാനദണ്ഡപ്രകാരമുള്ള പരിശോധന നടത്താതെ പാലം ദുര്‍ബലമാണെന്ന് ഇ.ശ്രീധരന്‍ റിപ്പോര്‍ട്ട് ചെയ്തത് വീഴ്ചയാണെന്നും സംഘടന ആരോപിക്കുന്നു.

പാലം പൊളിക്കാതെ തകരാറുകൾ പരിഹരിക്കാവുന്ന നിർദേശങ്ങളക്കമുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ് അസോസിയേഷൻ ഓഫ് സ്‌ട്രെച്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ്.

Top