പാരിസ്: എയര്‍ഫ്രാന്‍സ് എ380 വിമാനം എഞ്ചിന് തകരാറിലായതിനെ തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കി.
പാരിസില്‍ നിന്ന് ലൊസാഞ്ചല്‍സിലേക്കു പോവുകയായിരുന്ന വിമാനത്തിന്റെ എഞ്ചിനാണ് തകരാറിലായത്.
വിമാനത്തില്‍ 496 യാത്രക്കാരും 24 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
അറ്റ്ലാന്റിക് സമുദ്രത്തിന് 35,000 അടി മുകളില്‍ വച്ചുണ്ടായ അപകടത്തില്‍ പൈലറ്റുമാരുടെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
അറ്റ്ലാന്റിക് സമുദ്രം കടക്കുന്നതിനിടയില്‍ ആകാശത്ത് വലിയ ശബ്ദത്തോടെ എഞ്ചിനുകളില്‍ ഒരെണ്ണം പൊട്ടിത്തകരുകയായിരുന്നുവെന്നും വന്‍ കുലുക്കം അനുഭവപ്പെട്ടെന്നും യാത്രക്കാര്‍ പറയുന്നു.
വിമാനത്തിന്റെ എഞ്ചിനുള്ള ലോഹാവരണം പൂര്‍ണമായും നഷ്ടപ്പെട്ടു.
എഞ്ചിന്റെ ഫാനിലുണ്ടായ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എഞ്ചിനില്‍ പക്ഷി ഇടിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.
കിഴക്കന്‍ കാനഡയിലെ ഗൂസ് ബേ സൈനിക വിമാനത്താവളത്തിലാണ് എ380 സുരക്ഷിതമായിറക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.