എന്‍ജിന്‍ തകരാറിലായി; കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ 41 പേരെ രക്ഷപ്പെടുത്തി

തൃശൂര്‍: എന്‍ജിന്‍ തകരാറിലായി കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ 41 തൊഴിലാളികളെയാണ് ഫിഷറീസ് റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.എടക്കഴിയൂര്‍ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബര്‍ക്കത്ത് എന്ന ബോട്ടാണ് 41 തൊഴിലാളികളുമായി കടലില്‍ കുടുങ്ങിയത്. തൃശൂര്‍ ചേറ്റുവയില്‍ നിന്നും ഇന്ന് രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടതായിരുന്നു സംഘം. നാട്ടിക കരയില്‍ നിന്നും രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു സംഭവം ഉണ്ടായത്.

ഉടന്‍ തന്നെ തൊഴിലാളികള്‍ വിവരം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു. ഇതോടെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശപ്രകാരം ചേറ്റുവയില്‍ നിന്നും ഫിഷറീസ് റെസ്‌ക്യൂ ബോട്ട് സംഭവ സ്ഥലത്തേക്ക് കുതിച്ചു. പിന്നീട് മല്‍സ്യ ബന്ധന ബോട്ടും ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളേയും രക്ഷപ്പെടുത്തി 11 മണിയോടെ ചേറ്റുവ ഹാര്‍ബറിലെത്തിച്ചു. നാട്ടിക എഫ്.ഇ.ഒ അശ്വിന്‍, മറൈന്‍ എന്‍ഫോസ്മെന്റ് വിംഗ് കോസ്റ്റല്‍ സീനിയര്‍ സി.പി.ഒ. വികാസ്, റെസ്‌ക്യൂ ഗാര്‍ഡുമാരായ ബി.എച്ച് ഷെഫീക്, വിബിന്‍, സ്രാങ്ക് റസാഖ്, ഡ്രൈവര്‍ റഷീദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Top