ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റും സ്വന്തമാക്കി ഇംഗ്ലണ്ട്

ഗല്ലി: ശ്രീലങ്ക- ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്‌സില്‍ 126 റണ്‍സിന് ഓള്‍ഔട്ടായ ശ്രീലങ്കയെ നാണം കെടുത്തുന്ന വിജയമാണ് ഇംഗ്ലണ്ട് കൈവരിച്ചത്. ശ്രീലങ്ക മുന്നോട്ടുവെച്ച 164 റണ്‍സ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

ഡോം സിബ്ലി (56),ജോസ് ബട്‌ലര്‍ (46*) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ അനായാസമായി വിജയത്തിലേക്കെത്തിച്ചത്. സാക്ക് ക്രൗലി (13),ജോണി ബെയര്‍സ്‌റ്റോ (29),ജോ റൂട്ട് (11),ഡാന്‍ ലൗറന്‍സ് (2) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ലസിത് എംബുല്‍ഡാനിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രമേഷ് മെന്‍ഡിസ് ഒരു വിക്കറ്റും സ്വന്തമാക്കി.

ഡോം ബെസ്സും ജാക്ക് ലീച്ചും നാല് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ശ്രീലങ്കന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകക്കുകയായിരുന്നു. നായകന്‍ ജോ റൂട്ട് രണ്ട് വിക്കറ്റും വീഴ്ത്തി. വാലറ്റത്ത് ലസിത് എംബുല്‍ഡാനിയ (40) നടത്തിയ ചെറുത്തുനില്‍പ്പാണ് വലിയ നാണക്കേടില്‍ നിന്ന് ആതിഥേയരെ രക്ഷിച്ചത്.

കുശാല്‍ പെരേര (14),ലഹിരു തിരിമാനെ (13),രമേഷ് മെന്‍ഡിസ്,സുരങ്ക ലക്മാല്‍ (11) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്‌സില്‍ 381 എന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 344 റണ്‍സില്‍ അവസാനിച്ചു. 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷമാണ് ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞത്.

Top