രാജ്യത്തെത്തുന്ന എല്ലാ രാജ്യാന്തര യാത്രക്കാരും സ്വയം ക്വാറന്റൈനു വിധേയമാകണം

ബെയ്ജിങ്: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ എത്തുന്ന എല്ലാ രാജ്യാന്തര യാത്രക്കാരും 14 ദിവസത്തെ ക്വാറന്റൈനു വിധേയരാകണമെന്നു നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ച്ച രാജ്യത്തു പുതുതായി കൊറോണ സ്ഥിരീകരിച്ച ആറ് പേരും വിദേശികളായതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഇതു നടപ്പാക്കി തുടങ്ങിയിരുന്നു. അഞ്ച് ഇറ്റലിക്കാര്‍ക്കും ഒരു യുഎസ് പൗരനുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. വിദേശത്തു പോയി എത്തുന്നവര്‍ സ്വന്തം വീട്ടിലോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളിലോ സ്വയം ക്വാറന്റൈന്‍ ചെയ്യണമെന്നാണ് നിര്‍ദേശം.

രാജ്യത്ത് എത്തുന്ന പ്രമുഖ വ്യവസായികള്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ താമസിച്ചു പരിശോധനകള്‍ക്കു വിധേയരാകണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമെ ഇവരെ പുറത്തുപോകാന്‍ അനുവദിക്കൂ. രാജ്യാന്തര യാത്രക്കാരെ സ്‌ക്രീന്‍ ചെയ്യുന്നതിനായി ബെയ്ജിങ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊറോണ വ്യാപകമായ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ക്വാറന്റൈന്‍ ചെയ്യണമെന്നു ഹോങ്കോങ്ങും നിര്‍ദേശിച്ചിരുന്നു. ലോകത്താകെ ഇതുവരെ 1,26,100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4,600 ലേറേ പേര്‍ മരിച്ചു. ചൈനയില്‍ 3,169 പേരാണ് മരിച്ചത്. 80,778 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ കോവിഡ് ബാധിച്ച് 827 പേരാണ് മരിച്ചത്. 12,462 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ 75 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഈ സാഹചര്യത്തില്‍ കൊറോണയെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.

Top