ഇഡിയില്‍ നിന്ന് ചിദംബരത്തിന് ഇടക്കാല സംരക്ഷണം;തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന്

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റിന്റെ (ഇ.ഡി) അറസ്റ്റില്‍ നിന്ന് പി. ചിദംബരത്തിന് ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഐ.എന്‍.എക്സ് മീഡിയക്കേസില്‍ സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പി. ചിദംബരം രണ്ട് ഹര്‍ജികള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ചിദംബരത്തിന്റെ ചോദ്യം ചെയ്യല്‍ ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തു തുടരുകയാണ്. റോസ് അവന്യൂ കോടതി കസ്റ്റഡി അനുവദിച്ചതോടെ സി.ബി.ഐ വിശദമായ ചോദ്യം ചെയ്യലിന് തയ്യാറായി കഴിഞ്ഞിരുന്നു.

ചിദംബരം ഉള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് സി.ബി.ഐ ആസ്ഥാനം. സി.ബി.ഐ ഗസ്റ്റ് ഹൗസിലെ ഗ്രൗണ്ട് ഫ്ലോറില്‍ അഞ്ചാം നമ്പര്‍ സ്യൂട്ടിലാണ് ചിദംബരം. നിയമ മേഖലയില്‍ വിദഗ്ധനായതിനാല്‍ ചിദംബരത്തെ ചോദ്യം ചെയ്യുക സി.ബി.ഐക്ക് എളുപ്പമല്ല. അതിനാല്‍ ചോദ്യങ്ങളിലടക്കം സൂക്ഷ്മത പുലര്‍ത്തി സി.ബി.ഐ സംഘം വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങി.

ഇന്നലെ തന്നെ ചോദ്യം ചെയ്യലുമായി ചിദംബരം സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്നും വഴുതി മാറുകയാണെന്നും സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. നാല് ദിവസത്തേയ്ക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ധനമന്ത്രിയായിരിക്കെ, ഐ.എന്‍.എക്‌സ്. മീഡിയ എന്ന മാധ്യമസ്ഥാപനത്തിനു വഴിവിട്ട് വിദേശനിക്ഷേപം നേടാന്‍ അവസരമൊരുക്കിയെന്നാണു സി.ബി.ഐ കേസ്. 4.62 കോടി രൂപ സ്വീകരിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 305 കോടി രൂപയാണ് ഐ.എന്‍.എക്‌സിലേക്ക് ഒഴുകിയെത്തിയത്. പിന്നീട്, ഐ.എന്‍.എക്‌സില്‍നിന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കു പണം ലഭിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിലേക്കു നയിച്ചത്. ഇടപാടിലെ അഴിമതിയെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റാണ്.

Top