എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ വീണ്ടും ഹാജരായി റോബര്‍ട്ട് വദ്ര

ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്ര വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി. അനധികൃത സ്വത്ത് സമ്പാദന കേസുമായ് ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുന്ന വദ്ര ചോദ്യം ചെയ്യലിനായാണ് ഹാജരായിരിക്കുന്നത്.

വദ്ര ഒഫീസില്‍ ഹാജരാകണമെന്ന് ഇഡി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ലണ്ടനിലെ ബ്രയന്‍സ്റ്റണ്‍ സ്‌ക്വയറിലും ഡല്‍ഹി എന്‍സിആറിലും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുവകകള്‍ വാങ്ങാന്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസുകളാണ് വദ്രക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇത് ഒമ്പതാമത്തെ തവണയാണ് വദ്ര ഇഡിക്കു മുമ്പാകെ ഹാജരാകുന്നത്. അധികാരത്തില്‍ വീണ്ടും എത്തിയാല്‍ വദ്രയെ ജയിലില്‍ അടയ്ക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ വിചാരണക്കോടതി അനുവദിച്ചിട്ടുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് വദ്ര ഇപ്പോഴുള്ളത്.

കേസില്‍ വദ്രയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഇഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വദ്രയുടെ പ്രതികരണം തേടി കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Top