വി.എം. രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും എൻഫോഴ്സ്മെന്റ് റെയ്ഡ്

തൃശൂര്‍: വ്യവസായി വി.എം. രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തി.

മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് നടപടി.

വി.എം രാധാകൃഷ്ണന്‍ ഉള്‍പ്പെടുന്ന മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹനസനമാണെന്ന് ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

രാധാകൃഷ്ണന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും കോടതി ചോദിച്ചിരുന്നു.

കേസില്‍ ആരോപണ വിധേയനായ വ്യവസായി രാധാകൃഷ്ണന്‍ നിയമത്തിന് അതീനനാണോയെന്നും കോടതി ചോദിച്ചു. രാധാകൃഷ്‌ണെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

ഒമ്പതു വര്‍ഷത്തേക്ക് ഫ്‌ളൈ ആഷ് നല്‍കാന്‍ മലബാര്‍ സിമന്റ്‌സുമായി രാധാകൃഷ്ണന്റെ സ്ഥാപനമായ എആര്‍കെ വുഡ് ആന്‍ഡ് മെറ്റല്‍സ് കരാറുണ്ടാക്കിയിരുന്നു. നാലു വര്‍ഷത്തിനുശേഷം അതിന് കെട്ടിവെച്ച ബാങ്ക് ഗാരണ്ടി തുക പലിശസഹിതം പിന്‍വലിച്ചു. ബാങ്ക് ഗാരണ്ടിയും പലിശയുമുള്‍പ്പെടെ 52.45 ലക്ഷം രൂപ പിന്‍വലിച്ചത് മലബാര്‍ സിമന്റ്‌സിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

കേസില്‍ മലബാര്‍ സിമന്റ്‌സ് മുന്‍ ജനറല്‍മാനേജര്‍ മുരളീധരന്‍നായര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയും അന്വേഷണമുണ്ട്.

Top