ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതി ശിവശങ്കർ,രണ്ടാം പ്രതി സ്വപ്ന; ഇഡി അന്തിമ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചു. മുഖ്യ സൂത്രധാരനെന്ന് ഇഡി കണ്ടെത്തിയ എം.ശിവശങ്കർ കേസിൽ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാമാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഏഴാം പ്രതിയായും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി.

വിദേശ പൗരൻ ഖാലിദും പ്രതിയാണ്. അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ലൈഫ് മിഷൻ പദ്ധതിയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ആകെ 11 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

കേസില്‍ ശിവശങ്കറിനെതിരെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയത്. കേസില്‍ സ്വപ്ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു.

ലൈഫ് മിഷൻ അഴിമതിക്കേസിന്‍റെ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്നും കള്ളപ്പണ ഇടപാടെന്നറിഞ്ഞുകൊണ്ടാണ് കോഴ കൈപ്പറ്റിയതെന്നുമാണ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോർട്ടിലുള്ളത്. തന്റെ ഉന്നത സ്വാധീനം ഇടപാടുകൾക്ക് മറയാക്കാൻ ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന.

Top