ബൈജൂസിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്; നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കമ്പനി

ഡല്‍ഹി: എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പ് ബൈജൂസിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. വിദേശ വിനിമയച്ചട്ടം ലംഘിച്ചതിന് 9000 കോടി രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇഡിയില്‍ നിന്ന് അത്തരം നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

2011-2023 കാലയളവില്‍ കമ്പനിക്ക് ഏകദേശം 28,000 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചതായാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. ഇതേ കാലയളവില്‍ നിക്ഷേപമായി കമ്പനി വിദേശരാജ്യങ്ങളില്‍ 9754 കോടി രൂപ അടച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ ബൈജൂസ് തങ്ങളുടെ സാമ്പത്തിക പ്രസ്താവനകള്‍ തയ്യാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബൈജൂസ് നല്‍കിയ കണക്കുകളുടെ സത്യാവസ്ഥ സംബന്ധിച്ച് അന്വേഷണ ഏജന്‍സിക്ക് സംശയമുണ്ടെന്നും അതിനാല്‍ ബാങ്കുകള്‍ ആ കണക്കുകള്‍ വീണ്ടും പരിശോധിക്കുകയാണെന്നും ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് നിഷേധിച്ച് ബൈജൂസ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ഇഡിയില്‍ നിന്ന് അത്തരത്തില്‍ ആശയ വിനിമയങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ബൈജൂസ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

Top