മഹാദേവ ബെറ്റിംഗ് ആപ് കേസില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് 508 കോടി രൂപ നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

റായ്പുര്‍: മഹാദേവ ബെറ്റിംഗ് ആപ് കേസില്‍ ആപ് ഉടമസ്ഥര്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ വിഷയത്തില്‍ വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഛത്തീസ്ഗഡില്‍ നടത്തിയ തിരച്ചിലില്‍ 5.39 കോടി രൂപ കണ്ടെടുത്തതായും അസിം ദാസ് എന്നയാളെ അറസ്റ്റ് ചെയ്തതായും ഇഡി അറിയിച്ചു. ഇയാളില്‍ നിന്നാണ് മുഖ്യമന്ത്രിക്ക് പണം നല്‍കിയ വിവരം ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കി.

എന്നാല്‍ തനിക്കെതിരായ ആരോപണം കോണ്‍ഗ്രസ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി കെട്ടിച്ചമതാണെന്ന് ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ബിജെപി ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി ഇഡി. ഐടി, സിബിഐ മുതലായ ഏജന്‍സികളെ ഉപയോഗിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ഒന്നിച്ച് നിന്നാല്‍ പോലും ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനോട് മത്സരിച്ച് വിജയിക്കാന്‍ കഴിയില്ല. അതിനാലാണ് അവര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

തന്റെ കൈവശമുള്ള പണം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ബാഗേല്‍ എന്നയാള്‍ക്ക് നല്‍കാനുള്ളതാണെന്ന് ഇയാള്‍ മൊഴി നല്‍കിയതായി ഇഡി പറയുന്നു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും അതില്‍ നിന്നും മഹാദേവ് നെറ്റ്വര്‍ക്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശുഭം സോണിയുടെ ഇമെയില്‍ പരിശോധിച്ചതില്‍ നിന്നും നിര്‍ണായക വിവരം ലഭിച്ചതായും ഇഡി അറിയിച്ചു. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സി ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്യുകയും 450 കോടിയിലധികം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളെ ഉള്‍പ്പടെ ഇഡി ചോദ്യം ചെയ്തിരുന്നു.

 

Top